കോവിഡ് ബാധിച്ചു മരിച്ച ശ്രീധരൻപിള്ളയുടെ ഭൗതിക ശരീരം സംസ്കരിച്ചു ; പൊലിഞ്ഞത് ഒരു കുടുംബത്തിൻ്റെ അത്താണിയും നാടിന് കുടിനീർ നൽകിയവനും

 

കിളിമാനൂർ : കോവിഡ് ബാധിച്ചു ചികിൽസയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച വാട്ടർ അതോറിറ്റി പമ്പ് ഓപ്പറേറ്റർ കടമ്പാട്ടുകോണം, പനച്ചയിൽ വീട്ടിൽ എം.ശ്രീധരൻ പിള്ള (62, ഉണ്ണി)യുടെ ഭൗതിക ശരീരം സംസ്കരിച്ചു. മോർച്ചറിയിൽ നിന്ന് ഭൗതിക ശരീരം ഡിവൈഎഫ്ഐ കിളിമാനൂർ ബ്ലോക്ക് സെക്രട്ടറി ജിനേഷ്, ബ്ലോക്ക് ട്രഷറർ രജിത് നഗരൂർ,വൈസ് പ്രസിഡന്റ് അനീഷ്, കിളിമാനൂർ മേഖല പ്രസിഡന്റ് ശ്രീക്കുട്ടൻ, ബന്ധുവായ അരുൺ പ്രസാദ് എന്നിവർ പിപിഇ കിറ്റ് ധരിച്ച് ഹെൽത്ത് ഇൻസ്പെക്ടർ നോബിളും ചേർന്ന് കോവിഡ് പ്രോട്ടോക്കാൾ പ്രകാരം ഏറ്റുവാങ്ങി കാനാറ സമത്വതീരത്തിൽ കൊണ്ടുവന്ന് സംസ്കരിച്ചു.കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാജലക്ഷ്മി അമ്മാൾ സംസ്കാര ചടങ്ങുകൾക്ക് ക്രമീകരണം ഏർപ്പെടുത്തി.

കഴിഞ്ഞ 17 വർഷമായി വാട്ടർ അതോറിറ്റിയുടെ ആറ്റിങ്ങൽ ഡിവിഷനു കീഴിൽ കിളിമാനൂർ സെക്ഷൻ പരിധിയിലെ പമ്പ് ഹൗസുകളിൽ പമ്പ് ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ശ്രീധരൻപിള്ള നാലംഗ കുടുംബത്തിൻ്റെ അത്താണിയായിരുന്നു. നാട്ടുകാർ സ്റ്റേഹത്തോടെ ഉണ്ണിയെന്നു വിളിച്ചിരുന്ന ശ്രീധരൻപിള്ള രാപകലില്ലാതെ ജനങ്ങൾക്ക് കുടിനീർ നൽകുന്നതിനായി അക്ഷീണം പ്രവർത്തിക്കുന്ന വ്യക്തിയായിരുന്നു. മകളുടെ വിവാഹം ജനുവരിയിൽ നടക്കാനിരിക്കെയാണ് ശ്രീധരൻപിള്ളയുടെ പെട്ടെന്നുള്ള വിയോഗം. ബിരുദ വിദ്യാർത്ഥിയായ മകനായിരുന്നു അസുഖബാധിത സമയത്ത് ശ്രീധരൻപിള്ളയുടെ ജോലി നിർവ്വഹിച്ചിരുന്നത്. കുടുംബനാഥൻ്റെ വിയോഗത്തോടെ പകച്ചു നിൽക്കുന്ന നിർധന കുടുംബത്തിന് സഹായം എത്തിക്കേണ്ടത് നാടിൻ്റെ ആവശ്യമാണ്.ഈ കുടുംബത്തിൻ്റെ സ്ഥിതി മുഖ്യമന്ത്രിയുടേയും ജലസേചന വകുപ്പ് മന്ത്രിയുടേയും ശ്രദ്ധയിൽപ്പെടുത്തി പരമാവധി സാഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ അറിയിച്ചു