ഡിവൈഎഫ്ഐ കിളിമാനൂർ ബ്ലോക്ക് കമ്മിറ്റിയം​ഗം മനീഷ് വാമനപുരം നദിയിൽ മുങ്ങിമരിച്ചു, മകനെ കാണാതായത് അറിയാതെ അച്ഛനും മരിച്ചു

 

കിളിമാനൂർ : ഡിവൈഎഫ്ഐ കിളിമാനൂർ ബ്ലോക്ക് കമ്മറ്റിയം​ഗം വഞ്ചിയൂർ പട്ട്ള തുണ്ടിൽ വീട്ടിൽ മദനശേഖരൻ തങ്കമണി ദമ്പതിമാരുടെ മകൻ മനീഷ് (24) വാമനപുരം നദിയിൽ പൂണറകടവിന് സമീപം മുങ്ങിമരിച്ചു. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

അസുഖബാധിതനായ അച്ഛൻ മരിച്ച ഏകദേശ സമയത്തുതന്നെ മകനെ നദിയിൽ കാണാതായി.മനീഷ് രണ്ട് സുഹൃത്തുക്കളുമൊത്ത് പശുവിന് പുല്ല് ശേഖരിക്കാനായി നദിക്ക് സമീപം എത്തിയതായിരുന്നു. ഇതിനിടയിൽ കാൽവഴുതി നദിയിൽ വീണു‌.  ഇദ്ദേഹത്തിനായുള്ള തെരച്ചില്‍ നടക്കുന്നതിനിടെ തന്നെ സംഭവമൊന്നുമറിയാതെ അച്ഛൻ മദനശേഖരൻ (63) വീട്ടിൽവച്ച് മരണത്തിനുകീഴടങ്ങി. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു മദനശേഖരൻ.

സു​ഹൃത്തുക്കളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ ആറ്റിങ്ങൽ അഗ്‌നിരക്ഷാസേനയിൽ വിവരം അറിയിച്ചു. ഞായറാഴ്ച രാത്രി വൈകിയും തെരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല.തുടർന്ന് ഇന്ന് രാവിലെ 7 മണിയോടെ വീണ്ടും തിരച്ചിൽ നടത്തി. ഏകദേശം 10 മണിയോടെ മനീഷിനെ ഇന്നലെ കാണാതായ പൂണറകടവിൽ നിന്ന് ഏകദേശം 10 മീറ്ററിലധികം മാറി 40 അടിയോളം താഴ്ചയിൽ മൃതദേഹം കണ്ടെത്തി. ഫയർ ഫോഴ്‌സിന്റെ സ്‌ക്യൂബാ ടീമാണ് മൃതദേഹം കണ്ടെത്തിയത്.

ചെങ്കൽചൂളയിൽ നിന്ന് കെപി സുഭാഷിന്റെ നേതൃത്വത്തിലുള്ള സ്‌ക്യൂബാ ടീമും ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ നിന്ന് സ്റ്റേഷൻ ഓഫീസർ ജിഷാദിന്റെയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ളയുടെയും നേതൃത്വത്തിലുള്ള സ്‌ക്യൂബാ ടീമുമാണ് തിരച്ചിൽ നടത്തിയത്.

തങ്കമണിയാണ് മനീഷി​ന്റെ അമ്മ.
സഹോദരങ്ങള്‍: മനോജ്, മഹേഷ്.