തീരദേശ പാതയിലെ പെരുമാതുറ – മാടൻവിള പാലം അപകടാവസ്ഥയിൽ

 

ചിറയിൻകീഴ് – അഴൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തീരദേശ പാതയിലെ പെരുമാതുറ – മാടൻവിള പാലം അപകടാവസ്ഥയിൽ. പാലത്തിനടിയിലെ കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ ദ്രവിച്ച് പുറത്തേക്ക് തള്ളിയിരിക്കുകയാണ്.

ഏകദേശം 20 വർഷത്തോളം പഴക്കമുള്ള ഈ പാലത്തിലൂടെ വിഴിഞ്ഞം പോർട്ടിന് ആവശ്യമായ പാറ മുതലപ്പൊഴിയിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി 25 ലധികം കണ്ടെയ്നർ ടിപ്പറുകളാണ് ദിനവും കടന്ന് പോകുന്നത്. ഇത് പാലത്തിൻ്റെ അപകടാവസ്ഥ ഇരട്ടിയാക്കുമെന്നും സമീപഭാവിയിൽത്തന്നെ വലിയ ദുരന്തത്തിനു കാരണമായേക്കാമെന്നും നാട്ടുകാർ ഭയപ്പെട്ടുന്നു.

ആറ്റിങ്ങൽ ദേശിയ പാതയിലേക്കും മറ്റു ഭാഗങ്ങളിലേക്കുമായി 100 കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാലമാണിത്. മാത്രമല്ല കെ.എസ്.ആർ.ടി.സിയും ഇതുവഴി സർവീസ് നടത്തുന്നുണ്ട്.
പാലത്തിൻ്റെ അപകടാവസ്ഥക്ക് അടിയന്തരമായി പരിഹാരം കാണണമെന്നം അതുവരെ ഈ പാലത്തിലൂടെ പാറകൾ കൊണ്ട് പോകുന്നത് വിലക്കണമെന്നുമാണ് നാട്ടുകാരുടെ അവിശ്യം.