വെട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു

 

വെട്ടൂർ :വെട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജടീച്ചർ വീഡിയോ കോൺഫറൻസിംഗ് വഴി നിർവഹിച്ചു. വെട്ടൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രം ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടും എൻ.ആർ.എച്ച്.എം ഫണ്ടും സംയോജിപ്പിച്ചാണ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചത്. ഗവൺമെന്റിൽ നിന്നും ഒരു ഡോക്ടറെയും ഒരു സ്റ്റാഫ് നേഴ്സിനെയും അധികമായി നിയമിച്ചിട്ടുണ്ട്. കൂടാതെ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഒരു ഡോക്ടർ, ഒരു സ്റ്റാഫ് നേഴ്സ്, ഒരു ഫാർമസിസ്റ്റ്, ഒരു ഓഫീസ് അസിസ്റ്റന്റ് എന്നിങ്ങനെ നാല് തസ്തികകളിൽ നിയമനം നടത്തിയിട്ടുണ്ട്. ഇവരുടെ വേതനം ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നും നൽകും. കുടുംബാരോഗ്യ കേന്ദ്രമായതോടെ ആശുപത്രിയുടെ പ്രവർത്തന സമയവും ഡോക്ടർമാരുടെ സേവനവും വൈകിട്ട് ആറ് മണിവരെ ഉണ്ടാകും. അതോടൊപ്പം മെച്ചപ്പെട്ട ലാബ് സൗകര്യവും ഇ-ഹെൽത്ത് സംവിധാനവും ജീവിതശൈലിരോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്കുളള ‘ശ്വാസ്-ക്ലിനിക്കും’ സജ്ജമായിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നും തടർപരിപാലനത്തിന് 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. അഡ്വ. വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ. അസിംഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ്, ബ്ലോക്ക് പഞ്ചായത്തംഗം സബീനശശാങ്കൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗീത, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പ്രശോഭന, സുജി, മെമ്പർമാരായ ബിന്ദു.എൻ, ബിന്ദു.ആർ, നിസ അലിയാർ, നിഹാസ്, റീന, മെഡിക്കൽ ഓഫീസർ ഡോ.ഷാഹിം എന്നിവർ സംസാരിച്ചു