വിളപ്പിൽശാല പോലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്.ഐ മരിച്ചു

 

വിളപ്പിൽശാല പോലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ് ഐ ആശുപത്രിയിൽ മരിച്ചു. അമ്പലത്തിൻകാല രാഹുൽ നിവാസിൽ രാധാകൃഷ്ണൻ (53) ആണ് വെള്ളിയാഴ്ച പുലർച്ചെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.ജോലിഭാരവും എസ് എച് ഒ യുടെ മാനസീക പീഡനവും ആണ് ആത്യമഹത്യ ശ്രമത്തിനു പിന്നിൽ എന്നു ആരോപണം ഉയർന്നിരുന്നു.നാലു മാസം മുൻപാണ് രാധാകൃഷ്ണൻ വിളപ്പിൽശാല പോലീസ് സ്റ്റേഷനിൽ എത്തിയത്.. ഈ മാസം ഒന്നിന് രാവിലെ പതിനൊന്ന് മണിയോടെയാണ് രാധാകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചത്.

വിളപ്പില്‍ശാല പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിൽ തൂങ്ങി മരിക്കാൻ ശ്രമം നടത്തിയ രാധാകൃഷ്ണനെ സഹപ്രവർത്തകരായ പൊലീസുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആത്മഹത്യ ശ്രമത്തിൽ സ്റ്റേഷനിലെ ഇൻസ്പെക്ടർക്കെതിരെ രാധാകൃഷ്ണന്റെ ബന്ധുക്കൾ പരസ്യമായി രംഗത്തെത്തുകയായിരുന്നു. ഗ്രേഡ് എസ്ഐ ആയി പ്രൊമോഷൻ കിട്ടിയ രാധാകൃഷ്ണൻ വിളപ്പിൻ ശാല സ്റ്റേഷനിലേക്ക് സ്ഥലം മാറിയെത്തിയതു മുതൽ കടുത്ത മാനസിക വിഷമത്തിലായിരുന്നെന്നാണ് സഹോദരൻ വിനോദൻ പറഞ്ഞത്.

മാനസിക സംഘർഷത്തിന്റെ കാരണക്കാരനായി ബന്ധുക്കൾ വിരൽ ചൂണ്ടുന്നത് സ്റ്റേഷൻ ഹൗസ് ഓഫീസർ സജിമോന്റെ നേരെയാണ് എന്നാൽ ബന്ധുക്കളുടെ ആരോപണങ്ങൾ പൂർണമായി നിഷേധിക്കുകയാണ് ഇൻസ്പെക്ടർ സജിമോൻ. രാധാകൃഷ്ണനെതിരെ ഇതുവരെ മോശമായി പെരുമാറിയിട്ടില്ലെന്നും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും സജിമോൻ പ്രതികരിച്ചിരുന്നു