കോവിഡ് കാലം വായനയുടെ വസന്തകാലമാക്കിയ അനുപമയ്ക്ക് സംസ്ഥാന മദ്യവർജന സമിതി പുരസ്കാരം

 

ലോക്ക് ഡൗൺ കാലത്ത് നൂറിലധികം പുസ്തകങ്ങൾ വായിക്കുകയും അവയുടെ ആസ്വാദന കുറിപ്പുകൾ വായനയുടെ വസന്തം എന്ന പേരിൽ വീഡിയോകൾ ആക്കി അവതരിപ്പിക്കുകയും ചെയ്ത് ശ്രദ്ധ നേടിയ എസ്. അനുപമയെ സംസ്ഥാന മദ്യവർജന സമിതി പുരസ്കാരം നൽകി ആദരിച്ചു. അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂളിലെ സീനിയർ സ്റ്റുഡൻറ് പോലീസ് കേഡറ്റും ഒൻപതാം ക്ലാസ് വിദ്യാർഥിനിയുമാണ് അനുപമ. മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ കഥകളുടെയും നോവലുകളുടെയും ശാസ്ത്ര പുസ്തകങ്ങളുടെയും നൂറിലധികം ആസ്വാദന വീഡിയോകൾ വായനയുടെ വസന്തം എന്ന തൻ്റെ യൂട്യൂബ് ചാനലിലൂടെ അനുപമ കൂട്ടുകാർക്ക് എത്തിച്ചുകഴിഞ്ഞു. ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന മദ്യവർജ്ജന സമിതി അനുപമയുടെ പ്രവർത്തനങ്ങളെ മാധവിക്കുട്ടി പുരസ്കാരം നൽകി ആദരിച്ചു. തിരുവനന്തപുരത്ത് ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ കെ. മുരളീധരൻ എം.പി. യിൽ നിന്ന് അനുപമ പുരസ്കാരം ഏറ്റുവാങ്ങി. മദ്യവർജ്ജന സമിതി സംസ്ഥാന പ്രസിഡൻറ് എം. റസീഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ, എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ ഗോപകുമാർ, മദ്യവർജ്ജന സമിതി സെക്രട്ടറി റസ്സൽ സബർമതി, കുന്നത്തൂർ ജെ. പ്രകാശ് എന്നിവർ സംബന്ധിച്ചു. ദിനങ്ങളുടെ പ്രാധാന്യം കൂട്ടുകാരിൽ എത്തിക്കുന്നതിന് സഹപാഠിയും സീനിയർ കേഡറ്റുമായ അഞ്ജനയോടൊപ്പം ചേർന്ന് ഫീച്ചേഴ്സ് ഓഫ് ദി ഡേ എന്ന പേരിലുള്ള, വീഡിയോകളും ഇപ്പോൾ തയ്യാറാക്കി അവതരിപ്പിച്ചുവരുന്നു. ഇടയ്ക്കോട് മകത്തിൽ അനിൽ കുമാർ സുമി ദമ്പതികളുടെ മകളാണ് അനുപമ. വായനയുടെ വസന്തം എന്ന അനുപമയുടെ പുസ്തകാസ്വാദന വീഡിയോകൾ സംസ്ഥാന തലത്തിൽ സാഹിതി അക്ഷരക്കൂട്ടായ്മയുടെ ഓൺലൈൻ പേജുകളിൽ സംപ്രേക്ഷണം ചെയ്തിരുന്നു.