കൂട്ടുകാർക്ക് പുത്തനുടുപ്പും പുസ്തകവുമായി കാടുകയറി കുട്ടിപ്പൊലീസ്

വിതുര : ആദിവാസി ഊരിലെ കൂട്ടുകാരുടെ പഠനം മുടങ്ങാതിരിക്കാൻ പുത്തനുടുപ്പും പുസ്തകവുമായി കുട്ടിപ്പൊലീസ് കാട്ടിലെത്തി. സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പുത്തനുടുപ്പും പുസ്തകവും കാമ്പെയിനിന്റെ ഭാഗമായാണ് തിരുവനന്തപുരം റൂറൽ പൊലീസ് ജില്ലയിലെ കുട്ടിപ്പൊലീസ് സമാഹരിച്ച വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളും വിതുര പഞ്ചായത്തിലെ കല്ലുപാറ ആദിവാസി ഉൗരിലെത്തി കൈമാറിയത്. കാമ്പെയിനിന്റെ ഭാഗമായുള്ള മൂന്നാംഘട്ട വിതരണമാണ് വിതുരയിൽ നടന്നത്. സെറ്റിൽമെന്റിലെ മുഴുവൻ കുടുംബങ്ങൾക്കും കുട്ടികൾ വസ്ത്രങ്ങളും അവശ്യ വസ്തുക്കളും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. കല്ലുപാറയിലെ കൊവിഡ് കാല പള്ളിക്കൂടത്തിലെ കൂട്ടുകാർക്ക് ദീപാവലി സമ്മാനമായി നൽകാനായി വിതുര സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ വാങ്ങി നൽകിയ മധുരപലഹാരങ്ങളും വിതരണം ചെയ്തു. കാമ്പെയിനിന്റെ ഭാഗമായി ഒരു ലക്ഷത്തോളം രൂപയുടെ അവശ്യ വസ്തുക്കളാണ് ഇതിനോടകം ജില്ലയിലെ വിവിധയിടങ്ങളിൽ വിതരണം ചെയ്തത്.

വിതുരയിൽ നിന്ന് 6 കിലോമീറ്റർ മാത്രം അകലെയാണെങ്കിലും കല്ലുപാറയിൽ വാഹനങ്ങൾക്ക് കടന്നുചെല്ലാൻ സാധിക്കില്ല.കല്ലും, മലയും കടന്ന് ദുർഘടമായ പാതയിലൂടെ പന്ത്രണ്ടോളം കുട്ടികളാണ് കല്ലുപാറയിൽ നിന്ന് വിതുര സ്കൂളിലെത്തി പഠനം നടത്തുന്നത്. കൊവിഡ് വ്യാപനത്തോടെ ഇവർ തീർത്തും ഒറ്റപ്പെട്ടു. ഈ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനാണ് വിതുര പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ എസ്.എൽ. സുധീഷ്, വിതുര സ്കൂളിലെ അദ്ധ്യാപകനും സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പദ്ധതിയുടെ ചാർജ് ഓഫീസറുമായ അൻവർ എന്നിവരുടെ നേതൃത്വത്തിൽ പഠനസൗകര്യം ഒരുക്കി നൽകിയത്. എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി പി.വിജയൻ എന്നിവരും ഇവർക്ക് പിന്തുണ നൽകി.