വാമനപുരം നദിയിൽ മുങ്ങി മരിച്ച കൈഫിന്റെ വിയോഗം വിശ്വസിക്കാനാകാതെ നാട്

വിതുര : ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. വിതുര തോട്ടുമുക്ക് മുഹമ്മദ് സലീം – നസീറാ ദമ്പതികളുടെ മകൻ മുഹമ്മദ് കൈഫ് (20) ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. കൈഫിന്റെ വിയോഗം ഇനിയും വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പഠനത്തിലും മുന്നിലായിരുന്നു കൈഫ്‌.

ആനപ്പാറ പൊന്നമ്പിക്കോണം പൂട്ടുംവാതിൽ ഭാഗത്തു കുളിക്കവേ കയത്തിൽ അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ നിലവിളിച്ചതു കേട്ടു പരിസവാസികൾ എത്തിയപ്പോഴേക്കും കൈഫ് മുങ്ങിത്താഴ്ന്നിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. നാട്ടുകാരും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും തിരച്ചിൽ നടത്തിയെങ്കിലും നേരം ഇരുട്ടിയതിനാൽ ദൗത്യം ശ്രമകരമായതോടെ നിർത്തി.

തുടർന്നു ഇന്നലെ രാവിലെ നഗരത്തിൽ നിന്നു സ്കൂബാ ഡൈവിങ് സംഘമെത്തി തിരച്ചിൽ തുടരുകയായിരുന്നു. ആദ്യ മുങ്ങലിൽ തന്നെ സംഘം മൃതദേഹം കരയ്ക്കെത്തിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എബി സുഭാഷിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘമെത്തിയാണു മൃതദേഹമെടുത്തത്. മരിച്ച കൈഫ് അനിമേഷൻ വിദ്യാർഥിയാണ്. മുന്ന, കൈസ് എന്നിവരാണു സഹോദരങ്ങൾ.