സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു അന്തരിച്ചു

 

തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ബിജുവിന്റെ വൃക്കകൾ പ്രവർത്തനരഹിതമായിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായിരുന്നുവെങ്കിലും കൊവിഡ് ബാധ ആന്തരികാവയവങ്ങൾക്കേൽപ്പിച്ച ആഘാതമാണ് മരണത്തിലേക്ക് നയിച്ചത്. ഇന്ന് രാവിലെ 8:15ന് ഹൃദയാഘാതം ഉണ്ടായി. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്നു പി ബിജു.

വിദ്യാർത്ഥി സമരങ്ങളിലെ മുൻനിരപോരാളിയായിരുന്ന പി ബിജു സിപിഎമ്മിലെ സൗമ്യസാന്നിധ്യമായിരുന്നു. എസ്എഫ്ഐ – ഡിവൈഎഫ്ഐ നേതൃത്വങ്ങളിൽ ശ്രദ്ധനേടിയ ബിജു പാർലമെന്‍ററി രംഗത്ത് നിന്നും മാറി സംഘടനാ രംഗത്തായിരുന്നു ചുവടുറപ്പിച്ചത്. സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനായിരിക്കെയാണ് ഏവരെയും ഞെട്ടിച്ചുള്ള വിയോഗം.