വെമ്പായത്ത് വാക്കുതർക്കത്തിനിടെ മരുമകൻ പിടിച്ചു തള്ളിയ അമ്മായിയമ്മ തലയിടിച്ച് വീണ് മരിച്ചു

വെമ്പായം : വാക്കുതർക്കത്തിനിടെ മരുമകൻ പിടിച്ചു തള്ളിയ അമ്മായിയമ്മ തലയിടിച്ച് വീണ് മരിച്ചു. വെമ്പായം ചിറത്തലയ്ക്കൽ പേരിലക്കോട് നീതുഭവനിൽ ഇന്ദിര(52) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. സംഭവത്തിൽ ഇന്ദിരയുടെ മകളുടെ ഭർത്താവ് വെഞ്ഞാറംമൂട് മാരിയം സ്വദേശി സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ദിരയുടെ മകൾ നീതുവിന്റെ ഭർത്താവാണ് സുനിൽ. രണ്ട് കുട്ടികളുള്ള ദമ്പതിമാർ ഒരു വർഷത്തോളമായി വേർപിരിഞ്ഞാണ് താമസം. നീതുവിനും ഇന്ദിരയ്ക്കും ഒപ്പം താമസിക്കുന്ന കുട്ടികളെ കാണാൻ സുനിൽ ഭാര്യവീട്ടിലെത്തുന്നത് പതിവായിരുന്നു. രണ്ടാഴ്ച മുമ്പ് ഇവിടെയെത്തിയ സുനിൽ കുട്ടികളെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ ഭാര്യവീട്ടിലെത്തിയ സുനിൽ കുട്ടികൾക്ക് സുഖമില്ലെന്നും നീതുവിനെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ട് ബഹളം വെച്ചു. തുടർന്ന് നീതുവിന്റെ സഹോദരൻ നീതിഷ് ബാബുവുമായി തർക്കമുണ്ടായി. ഇതിനിടെയാണ് ഇന്ദിരയെ പിടിച്ചുതള്ളിയതെന്നാണ് വിവരം. തലയിടിച്ച് വീണ ഇന്ദിരയെ മകനും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

ഇടയ്ക്കിടെ ഭാര്യവീട്ടിലെത്തുന്ന സുനിൽ വീട്ടുകാരുമായി വഴക്കിടുന്നത് പതിവാണെന്നാണ് നാട്ടുകാരും പറയുന്നത്. സുനിലിന്റെ സഹോദരിയുടെ മകളെ നീതുവിന്റെ സഹോദരൻ ഒരു വർഷം മുൻപ് വിവാഹം കഴിച്ചതാണ് നീതുവുമായുള്ള പ്രശ്നങ്ങൾക്ക് കാരണമെന്നും നാട്ടുകാർ പറയുന്നു.

വിവരമറിഞ്ഞെത്തിയ പോലീസ് സംഘം മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുനിലിനെ വെഞ്ഞാറമൂട്ടിലെ വീട്ടിൽനിന്നും കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.