Search
Close this search box.

ചിറയിന്‍കീഴ് റെയില്‍വെ മേല്‍പ്പാലത്തിന്റെ നിർമാണത്തിന് തുടക്കം

eiYFS5295925

 

800 മീറ്റര്‍ നീളത്തില്‍ റെയില്‍വെ മേല്‍പ്പാലം ഒരുങ്ങുന്നു

ചിറയിന്‍കീഴ് നിവാസികളുടെ ചിരകാല സ്വപ്നമായ റെയില്‍വെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നു. ചിറയിന്‍കീഴ് വലിയകടയില്‍നിന്ന് ആരംഭിച്ച് പണ്ടകശാലക്കു സമീപംവരെ 800 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. നാടിന്റെ ത്വരിതവികസനം ഉറപ്പാക്കുന്നതിന് തടസരഹിത റോഡ് ശൃംഖല സാധ്യമാക്കാനാണ് ലെവല്‍ക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യവികസനരംഗത്ത് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ 25,000 കോടി രൂപയുടെ നിര്‍മാണപ്രവൃത്തികളാണ് പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഗേറ്റിന് മുകളിലൂടെയാണ് മേല്‍പ്പാലം കടന്നു പോകുന്നത്. മേല്‍പാലത്തിന്റെ നിര്‍മാണത്തിനായി കിഫ്ബിയില്‍ നിന്നും 25 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 88 ഭൂ ഉടമകളില്‍നിന്ന് 1.5 ഏക്കര്‍ സ്ഥലം ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. 13 കോടിയോളം രൂപ ചെലവഴിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്. റവന്യു ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന താലൂക്ക്, എക്സൈസ്, പഞ്ചായത്ത്, സബ് രജിസ്റ്റര്‍ ഓഫീസുകളുടെ ഭൂമിയും ഏറ്റെടുത്തു പൊതുമരാമത്തു വകുപ്പിന് കൈമാറിക്കഴിഞ്ഞു. നിര്‍മ്മാണം റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനാണ് ഏറ്റെടുത്തിരിക്കുന്നത്. പൂര്‍ണമായും ഉരുക്കിലാണ് നിര്‍മാണം. ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കും.

സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. രണ്ടു വരി നടപ്പാതയും ഉണ്ടാകും. പൈല്‍, പൈല്‍ ക്യാപ്പ്, ഡെക് സ്ലാബ് എന്നിവ കോണ്‍ക്രീറ്റും പിയര്‍, പിയര്‍ ക്യാപ്പ്, ഗര്‍ഡര്‍ എന്നിവ സ്റ്റീലിലുമണ് നിര്‍മിക്കുന്നത്. കേരളത്തില്‍ ഇത്തരത്തില്‍ നിര്‍മിക്കുന്ന ആദ്യ സംരംഭമാണിത്.

വികസനത്തിലും ക്ഷേമത്തിലും അടിസ്ഥാന സൗകര്യത്തിലും മികച്ച മുന്നേറ്റമാണ് ഈ അഞ്ചുവര്‍ഷം കൊണ്ട് കേരളത്തിലുണ്ടായതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ധനകാര്യ മന്ത്രി ടി.എം തോമസ് ഐസക്ക് മുഖ്യ അതിഥിയായിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ശിലാഫലകം അനാച്ഛാദനം ചെയ്തു. അടൂര്‍ പ്രകാശ് എം.പി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ് അംബിക, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍ സുഭാഷ്, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!