അമിത വേഗത വേണ്ട, ഹെൽമറ്റ് ധരിക്കാൻ മറക്കണ്ട, ആര്‍.ടി.ഒ സ്‌ക്വാഡുകള്‍ നിരീക്ഷിക്കുന്നുണ്ട്

 

തിരുവനന്തപുരം: കേശവദാസപുരം മുതൽ ജില്ല അതിർത്തിയായി തട്ടത്തുമല വരെ എം.സി റോഡിൽ ഹെൽമറ്റില്ലാ​തെ ​ഇരുചക്രവാഹനങ്ങളോടിക്കുന്നവരെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പി​ൻെറ ഹെൽമറ്റ്​ ചലഞ്ച്​. തിരുവനന്തപുരം എൻഫോഴ്​സ്​മൻെറ്​ ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ ഇരുചക്രവാഹന യാത്രികര്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്നെന്നും റോഡ് സുരക്ഷയും നിയമങ്ങളും പാലിക്കുന്നെന്നും ഉറപ്പുവരുത്തുന്നതിനാണ് സ്‌പെഷല്‍ എന്‍ഫോഴ്‌സ്‌മൻെറ്​ പ്രോഗ്രാം നടത്തുന്നത്. ഇന്നലെ​ മുതല്‍ 21 വരെയുള്ള 10 ദിവസം ആര്‍.ടി.ഒ സ്‌ക്വാഡുകള്‍ മുഴുവന്‍സമയം നിരീക്ഷണം തുടരുന്നു. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നത്​ ശ്രദ്ധയില്‍പെട്ടാല്‍ ഡ്രൈവര്‍ക്കെതി​രെ ചെലാന്‍ തയാറാക്കുകയും ക്രമക്കേട് ആവര്‍ത്തിക്കുന്നപക്ഷം ഡ്രൈവറുടെ ലൈസന്‍സിനെതിരെ നടപടിയെടുക്കുകയും ചെയ്യുമെന്ന്​ തിരുവനന്തപുരം റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ (എന്‍ഫോഴ്‌സ്‌മൻെറ്​) എ.കെ. ദിലു വ്യക്തമാക്കി.

ഇതുകൂടാതെ ട്രാഫിക് നിയമലംഘനങ്ങള്‍, ബൈക്ക് ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങള്‍ എന്നിവക്കെതിരെയും നടപടിയുണ്ടാകും. നിയമലംഘകര്‍ക്കെതിരെ ഇ-ചെലാന്‍ സോഫ്റ്റ്‌വെയര്‍ പ്രകാരം ഫോട്ടോ ഉള്‍പ്പെടുന്ന ചെലാന്‍ തയാറാക്കി വാഹന ഉടമയുടെ മൊബൈലിലേക്ക് എസ്.എം.എസ് അയക്കുകയാണ് രീതി. കോവിഡ്​ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ റോഡപകടങ്ങൾ അസാധാരണമായി വർധിച്ചുവരുന്നതായാണ്​ മോട്ടോർ വാഹനവ​കുപ്പി​ൻെറ വിലയിരുത്തൽ.

കോവിഡ് വ്യാപനത്തി​ൻെറ ഭാഗമായി പൊതുഗതാഗതസംവിധാനം പരിമിതപ്പെടുകയും ജനങ്ങൾ യാത്രക്കായി സ്വകാര്യവാഹനങ്ങൾ കൂടുതലായി ഉപയോഗിക്കുകയും ചെയ്തതോടെ നിരത്തുകളിൽ വലിയതോതിലുള്ള വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇവയിൽ നല്ലൊരു ശതമാനം ഇരുചക്രവാഹനങ്ങളാണ്. അപക്വവും അപകടകരവുമായ ഡ്രൈവിങ്, ​ ഹെൽമറ്റ് ഉപയോഗിക്കാതെയുള്ള ഇരുചക്രവാഹന ഉപയോഗം, മനപ്പൂർവമായുള്ള നിയമലംഘനങ്ങൾ തുടങ്ങിയവയാണ് റോഡപകടങ്ങൾക്ക് പ്രധാന കാരണങ്ങൾ. കോവിഡ് പ്രോട്ടോകോളി​ൻെറ ഭാഗമായി തടഞ്ഞുനിർത്തിയുള്ള വാഹന പരിശോധനയിൽ കുറവുവരുത്തിയിരുന്നു. കോവിഡ് നിർവ്യാപന പ്രവർത്തനങ്ങൾക്കായി വിഭാഗം എൻഫോഴ്സ്മൻെറ്​ ഉദ്യോഗസ്ഥരെ പുനർവിന്യസിക്കുകയും ചെയ്​തു. ഈ സാഹചര്യത്തിൽ പൊതു സംവിധാനം ഉപയോഗിക്കാതെ ഡ്രൈവിങ്​ പരിചയക്കുറവുള്ളവർ പോലും വാഹനങ്ങളുമായി നിരത്തിലിറങ്ങിയതും അപകടതോത്​ കൂട്ടി.

എം.സി റോഡിൽ തിരുവനന്തപുരം ജില്ല ആരംഭിക്കുന്ന തട്ടത്തുമല മുതൽ നഗരകവാടമായ കേശവദാസപുരം വരെയുള്ള 36 കി.മീ റോഡിലാണ്​ പരിശോധന. നൈറ്റ് ഡ്യൂട്ടിയിലുള്ള ഒരു സ്ക്വാഡ് ഒഴികെ, ജില്ലയിലെ മുഴുവൻ സ്ക്വാഡുകളും ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. ഇരുചക്ര വാഹനം ഓടിക്കുന്നവർ, പിൻസീറ്റ്​ യാത്രക്കാർ എന്നിവർ ഹെൽമറ്റ് ഉപയോഗിക്കുന്നുണ്ടെന്ന്​ ഉറപ്പാക്കും. ഹെൽമറ്റ് ശരിയായ രീതിയിൽ ആണോ ധരിച്ചിരിക്കുന്നതെന്നും പരിശോധിക്കും. സിഗ്​നൽ ജങ്ഷനുകൾ, കാൽനടയാത്രക്കാർക്കുള്ള ഇടങ്ങൾ എന്നിവിടങ്ങളിൽ യൂനിഫോമിലും മഫ്തിയിലും എൻഫോഴ്സ്മൻെറ്​ ഉദ്യോഗസ്ഥരും കാമറയും നിരീക്ഷണത്തിനുണ്ടാകും.