വക്കം യു.ഐ.ടിക്ക് നിർമ്മിച്ച മൂന്നാം നില നാടിന് സമർപ്പിച്ചു

 

വക്കം യു.ഐ.ടിക്ക് എം.എൽ.എ മണ്ഡലം ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച മൂന്നാം നില നാടിന് സമർപ്പിച്ചു. അഡ്വ.ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ: ഷൈലജാ ബീഗം അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ: രമണി അമ്മ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ അംഗം ആർ.സുഭാഷ്, പഞ്ചായത്ത് അംഗം സിന്ധു എന്നിവർ സംസാരിച്ചു. യു.ഐ.ടിയെ എല്ലാ സൗകര്യങ്ങളും ഉള്ള മികവിൻ്റെ കേന്ദ്രമാക്കി ഉയർത്തുകയാണ് ലക്ഷ്യമെന്ന് അഡ്വ.ബി.സത്യൻ എം.എൽ.എ പറഞ്ഞു.

മൂന്ന് ഘട്ടങ്ങളായി 1.34 കോടിയിലാണ് മൂന്ന് നില പൂർത്തികരിച്ചത്. നിലവിൽ 3 കോഴ്സുകളാണ് നടന്നു വരുന്നത്. 2014ൽ അടച്ച് പൂട്ടിയ മണനാക്ക് മുസ്ലിം യു.പി സ്ക്കൂളിലാണ് കേരളാ യൂണിവേഴ്സിറ്റി യു.ഐ.ടി ആരംഭിച്ചത്. ഭൂമി സ്ക്കൂളിന് നൽകിയ കുടുംബം സ്ക്കൂൾ നിർത്തിയാൽ അവിടെ ഒരു വിദ്യാഭ്യാസ സ്ഥാപനം ഉയർന്ന് കാണണം എന്ന ആഗ്രഹ പ്രകാരമാണ് അവിടെ ഒരു സാങ്കേതിക വിദ്യഭ്യാസ സ്ഥാപനം ആരംഭിച്ചത്. ബികോം,എം കോം, ബി.സി എ എന്നീ കോഴ്സുകളാണ് നടന്നു വരുന്നത്. വരുന്നവർഷം പുതിയ കോഴ്സുകൾ ആരംഭിക്കും. 2015-16 മുതലാണ് കോഴ്സുകൾ ആരംഭിച്ചത്.