കോവിഡ് പ്രതിരോധം ശക്തമാക്കി നെല്ലനാട് പഞ്ചായത്ത്‌, വാക്സിൻ ക്യാമ്പും പരിശോധനയും നടത്തും

 

നെല്ലനാട് : കോവിഡ് 19ന്റെ രണ്ടാംഘട്ട വരവ് വളരെ ഗുരുതരമായ സ്ഥിതി വിശേഷം സംജാമാകുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് നെല്ലനാട് ഗ്രാമപഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് തലത്തിൽ ജനപ്രതിനിധികൾ , ആരോഗ്യപ്രവർത്തകർ , പോലീസ് ഉദ്യോഗസ്ഥർ , പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവരുടെ ഒരു സംയുക്തയോഗം ചേരുകയും പഞ്ചായത്തിലാകമാനം ബോധവൽകരണ ക്ലാസ്സുകളും പരിശോധനകളും നടത്തുന്നതിനും നടപടികൾ ആരംഭിച്ചു. 45 വയസ്സു കഴിഞ്ഞ മുഴുവൻ ആളുകൾക്കും വാക്സിൻ നൽകുന്നതിന് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വാക്സിൻ ക്യാമ്പുകൾ നടത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഗ്രാമപഞ്ചായത്ത് പൂർത്തിയാക്കിയിട്ടുണ്ട്. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് വിവിധ സ്ഥലങ്ങളിൽ നടത്തുന്ന ക്യാമ്പുകളിലൂടെ പൊതുജനങ്ങൾക്ക് വാക്സിൻ സവീകരിക്കാവുന്നതാണ്. നിലവിൽ വാമനപുരം ഫാമിലി ഹെൽത്ത് സെന്റർ വഴി നടത്തുന്ന വാക്സിനേഷൻ പ്രവർത്തനങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. നെല്ലനാട് ഗ്രാമപഞ്ചായത്തിന്റെയും , പോലീസിന്റേയും , ആരോഗ്യ വിഭാഗത്തിന്റേയും സംയുക്ത നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങളിലും , ടൂട്ടോറിയൽ സ്ഥാപനങ്ങളിലും , മാർക്കറ്റ് ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലും പരിശോധന ഊർജ്ജിതമാക്കുകയും മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ പിഴ ചുമത്തുന്നതുൾപ്പടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ അറിയിച്ചു .