ആറ്റിങ്ങലിൽ 43-ാം കൊവിഡ് മരണം സ്ഥിരീകരിച്ചു

 

ആറ്റിങ്ങൽ: നഗരസഭ വാർഡ് 27 ൽ കൊവിഡ് ബാധിച്ച് മരിച്ച മങ്കാട്ടുമൂല സ്വദേശി അമ്പാടി ഇല്ലത്തിൽ കൃഷ്ണൻ നമ്പൂതിരി (68) യുടെ മൃതദേഹം ഡി.വൈ.എഫ്.ഐ പ്രവർത്തകരായ സംഗീത്, വിനീഷ്, അനന്തു, അർജുൻ എന്നിവർ ചേർന്ന് സംസ്കരിച്ചു. മകളോടൊപ്പം തിരുവനന്തപുരത്ത് താമസിച്ചിരുന്ന കൃഷ്ണൻ നമ്പൂതിരിക്ക് ഈ മാസം 28 ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇയാൾക്ക് വൈകുന്നേരത്തോടെ രോഗം മൂർച്ചിക്കുകയും മരണം സംഭവിക്കുകയും ആയിരുന്നു. വാർഡ് കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ എസ്.ഷീജ വിവരമറിയിച്ചതിനെ തുടർന്ന് മോർച്ചറിയിൽ നിന്നും നടപടികൾ പൂർത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാൻ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. കൃഷ്ണൻ നമ്പൂതിരിയുടെ മൃതദേഹം സംസ്കരിക്കുന്നതിനായി ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ.എസ്.അനൂപ് പ്രവർത്തകരെ ചുമതലപ്പെടുത്തി. തുടർന്ന് മോർച്ചറിയിൽ നിന്നും സംഘടന വോളന്റിയർമാർ മൃതദേഹം ഏറ്റെടുത്ത് കൊവിഡ് ചട്ട പ്രകാരം വീട്ടുവളപ്പിൽ സംസ്കരിച്ചു.

നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന 43-ാം കൊവിഡ് മരണമാണിത്. മരണപ്പെട്ടയാൾ തിരുവനന്തപുരത്ത് താമസിക്കവെ സമ്പർക്കത്തിലൂടെ രോഗം ലഭിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. പട്ടണവാസികൾ അനാവശ്യ ആശങ്ക ഒഴിവാക്കി കനത്ത ജാഗ്രത പാലിച്ചാൽ മതിയെന്ന് ചെയർപേഴ്സൺ അറിയിച്ചു.