
സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ജില്ലവിട്ടുള്ള യാത്രക്ക് നിയന്ത്രണമുണ്ടെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. അടിയന്തര ആവശ്യങ്ങളിലൊഴികെ ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡി.ജി.പി അറിയിച്ചു. യാത്രകൾ നിയന്ത്രിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി നിർദേശവും നൽകി.
പരീക്ഷ, ചികിത്സ, മരണാനന്തര ചടങ്ങുകൾ എന്നിവക്കാണ് ജില്ലവിട്ടുള്ള യാത്ര അനുവദിക്കുക. പുതിയ ജോലിയിൽ ചേരാനും യാത്രയാവാം. യാത്രികർ സത്യവാങ്മൂലവും തിരിച്ചറിയൽ കാർഡും കരുതണമെന്നും ഡി.ജി.പി അറിയിച്ചു. ലോക്ഡൗൺ ഇളവിന്റെ ഭാഗമായി തുറന്ന കടകൾക്ക് മുന്നിൽ സാമൂഹിക അകലം നിർബന്ധമാണ്. സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ ഉടമകൾക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിൽ ലോക്ഡൗണിന്റെ മൂന്നാംഘട്ടത്തിൽ ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ചെറുകിട വ്യവസായ സ്ഥാപനങ്ങൾ, തുണിക്കട, ചെരിപ്പ്കട, കുട്ടികൾക്ക് ആവശ്യമുള്ള പുസ്തകങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങി ചില സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു.