വക്കത്ത് ആരോഗ്യ പ്രവർത്തകർക്ക് നേരെ അക്രമം : കെജിഎംഒഎ ശക്തമായി അപലപിച്ചു

 

വക്കം റൂറൽ ഹെൽത്ത്‌ സെന്ററിലെ ഡോക്ടർ അടക്കമുള്ള ആരോഗ്യപ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേരളത്തിലെ ഗവണ്മെന്റ് ഡോക്ടർമാരുടെ സംഘടന ആയ കെജിഎംഓഎ ശക്തമായി അപലപിച്ചു. മഹാമാരിയെ പ്രതിരോധിക്കാൻ അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യപ്രവർത്തകരുടെ നേരെയുള്ള അതിക്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവുന്നതല്ല എന്ന് കെജിഎംഓഎ തിരുവനന്തപുരം ജില്ലാ കമ്മിറ്റി വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ഡോ. സന്തോഷ്‌ ബാബു, ജില്ലാ സെക്രട്ടറി ഡോ. പത്മപ്രസാദ് എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കൊവിഡ് വാക്സിൻ നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചത്. ഡോക്ടർ നിഹാൽ മുഹമ്മദിന് പരിക്കേറ്റിട്ടുണ്ട്. ഇതിനെതിരെ ഡോക്ടർ കടയ്ക്കക്കാവൂർ പൊലീസിൽ പരാതി നൽകിയിരുന്നു.