അടയമൺ എൽപിഎസിൽ നന്മയുടെ ഒന്നാം പാഠമായി ഒരു രൂപയുമായി ഒന്നാം ക്ലാസുകാർ

 

അടയമൺ: നന്മയുടെ ഒന്നാം പാഠം ഉൾകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു രൂപ സംഭാവന നൽകി ഗവൺമെന്റ് എൽ പിഎസിലെ ഒന്നാം ക്ലാസുകാർ പ്രവേശനോത്സവം ആഘോഷമാക്കി.

പുത്തനുടുപ്പും പുസ്തക സഞ്ചിയും വർണക്കുടയുമായി രക്ഷിതാക്കളുടെ കൈ പിടിച്ച് വിദ്യാലയമുറ്റത്തെത്തുന്നതിനു പകരം ഏവർക്കും മാതൃകയായി ചരിത്രമെഴുതിക്കൊണ്ട് അവരെത്തി. വീട് അലങ്കരിച്ചും മധുരം വിളമ്പിയും ആഘോഷമാക്കിയപ്പോൾ നന്മയുടെ ഒന്നാം പാഠം കുട്ടികൾക്ക് പകർന്നു നൽകി അദ്ധ്യാപകരും രക്ഷിതാക്കളും മാതൃകയായി . ഒറ്റ രൂപ തുട്ടുമായി സേവനത്തിന്റെയും സഹജീവനത്തിന്റെയും ആദ്യ പാഠം അവർ പങ്കിട്ടു.

കുട്ടികളുടെ കുഞ്ഞു സംഭാവന സ്കൂൾ ഹെഡ്മിസ്ട്രസ് അവരുടെ പേരിൽ ദുരിതാശ്വാസനിധിയിൽ നിക്ഷേപിച്ചു. ഓൺലൈനായി നടന്ന പ്രവേശനോത്സവ പരിപാടി എംഎൽഎ ഒ എസ് അംബിക ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശശികല ടീച്ചർ അദ്ധ്യക്ഷസ്ഥാനം വഹിച്ചു. എസ്എഎംസി ചെയർമാൻ ഷിജിത്ത് സ്വാഗതമാശംസിച്ചു. സാമൂഹിക രാഷ്ട്രീയ പ്രതിഭകൾ കുട്ടികൾക്ക് ആശംസകളുമായി എത്തി. അടൂർ പ്രകാശ് (എംപി ആറ്റിങ്ങൽ ), പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രൻ, രാജ്യ എ. ഇ. ഒ , സാബു വി ആർ (ബിപിസി ), ദീപ (സിആർസി കോ ഓഡിനേറ്റർ), ഷാജു കടയ്ക്കൽ (മജീഷ്യൻ), ശ്രീകുമാർ ചിതറ, അൻവർ സാദത്ത് (പിന്നണി ഗായകൻ ), സുരേഷ്ബാബു (ഗായകൻ), പ്രജേഷ്‌ സെൻ (സംവിധായകൻ) സജി തുമ്പോട് (നടൻ), അനൂപ് കോവളം ഒപ്പം പൂർവ്വ വിദ്യാർത്ഥിസംഘടനയും വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.