
പ്രളയവും കോവിഡ് മഹാമാരിയും ലോക്ക് ഡൗണും കാരണം തൊഴിൽ നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന ആധാരം എഴുത്ത് തൊഴിലാളികൾക്ക് ആധാരം എഴുത്ത് ക്ഷേമനിധിയിൽ നിന്നും ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആധാരം എഴുത്ത് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ബി . സത്യൻ മുൻ എം എൽ എ യുടെ നേതൃത്വത്തിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.
വിവിധ കാരണങ്ങളാൽ ക്ഷേമനിധി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് എത്രയും പെട്ടെന്ന് അംഗത്വം പുനസ്ഥാപിച്ചു നൽകുക ,ആധാരം എഴുത്തുകാരുടെ വേതനം കാലാനുസൃതമായി പരിഷ്ക്കരിക്കുക , ആധാരം എഴുത്തുകാർക്കു കൂടി കോവിഡ് വാക്സിൻ മുൻഗണനാക്രമത്തിൽ നൽകുക ,സെർവർ തകരാറുകളും സാങ്കേതിക പിഴവുകളും പരിഹരിച്ച് രജിസ്ട്രേഷൻ വകുപ്പിൻ്റെ സേവനം കുറ്റമറ്റതാക്കുക എന്നീ ആവശ്യങ്ങളും നിവേദനത്തിലുണ്ടായിരുന്നു.
യൂണിയൻ നേതാക്കളായ കരകുളം ബാബു , പോത്തൻകോട് ഹരിദാസ് , തിരുവല്ലം മധു , നെടുമങ്ങാട് അനിൽ , കുരുവിക്കാട് ഗിരീഷ് എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു.
രജിസ്ട്രേഷൻ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ച് ചേർത്ത് അനുകൂല നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി അഡ്വ.ബി.സത്യൻ അറിയിച്ചു.