ആംബുലൻസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെഎസ്ഇബി വിജിലൻസ് ഉദ്യോഗസ്ഥന്റെ വീട് വരെ ചെന്ന് ഭീഷണിപ്പെടുത്തിയ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ.

 

മംഗലപുരം : രോഗിയുമായി പോയ ആംബുലൻസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെഎസ്ഇബി വിജിലൻസ് ഉദ്യോഗസ്ഥന്റെ വീട് വരെ ചെന്ന് ഭീഷണിപ്പെടുത്തിയ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ.ശ്രീകാര്യം ചെറുവയ്ക്കൽ ലീലാ ഭവനിൽ സതീഷ് കുമാറിന്റെ മകൻ വിശാഖ്( 27 )നെയാണ് മംഗലപുരം പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കിഡ്നിക്കും ലിവറിനും അസുഖമായി പ്രഷറും ഷുഗറും കൂടി ഇടയ്ക്കിടെ ബോധം നഷ്ടപ്പെടുന്ന ഗുരുതര രോഗിയുമായി ആറ്റിങ്ങൽ ഗവൺമെൻറ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു വിശാഖ് ഓടിച്ചിരുന്ന ആംബുലൻസ്. ഇതിനിടയിൽ കണിയാപുരത്ത് വച്ച് കാറിൽ മകളുമായി യാത്ര പോകുകയായിരുന്ന കെഎസ്ഇബി വിജിലൻസിൽ എ എസ് ഐ ഷാനവാസ് ആംബുലൻസിനു സൈഡ് കൊടുത്തില്ല എന്നു പറഞ്ഞു റോഡിൽ വെച്ച് അസഭ്യം പറയുകയും മംഗലാപുരം പ്രാഥമിക ആശുപത്രിക്ക് സമീപം താമസിക്കുന്ന എഎസ്ഐ വീട്ടിലേക്ക് പോകുന്നതിൻറെ പിന്നാലെ
വീട്ടിലെത്തി അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

അതീവ ഗുരുതരാവസ്ഥയിൽ രോഗിയുമായ പോയ ആംബുലൻസിൽ രണ്ട് യുവതികളും 65 വയസ്സ് പ്രായമുള്ള യുവതികളുടെ അപ്പൂപ്പനുമാണ് ഉണ്ടായിരുന്നത്. എളുപ്പ മാർഗത്തിൽ ആറ്റിങ്ങൽ ആശുപത്രിയിലേക്കാണ് പോകുന്നതെന്നാണ് രോഗിയുടെ ബന്ധുക്കൾ കരുതിയത്. എന്നാൽ രോഗിയെ വൈകി എത്തിക്കുകയായിരുന്നു. സംഭവത്തിൽ മംഗലപുരം പൊലീസ് കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തു