അഞ്ചുതെങ്ങിൽ കൂടുതൽ വാക്സിൻ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് ആവശ്യം

 

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് കേന്ദ്രീകരിച്ചു കൂടുതൽ വാക്സിൻ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് ആവശ്യപെട്ട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്‌ എസ്. പ്രവീൺ ചന്ദ്ര മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

പരാതിയുടെ പൂർണ രൂപം ഇങ്ങനെ :

തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് കേരളത്തിലെ തന്നെ ജനസാന്ദ്രത കൂടിയ പഞ്ചായത്തുകളിൽ ഒന്നാണ്. ഇവിടെ 3.36 ചതുരശ്ര കിലോമീറ്ററിൽ ഏകദേശം ഇരുപത്തയ്യായിത്തോളം ജനങ്ങൾ തിങ്ങി പാർക്കുന്നു. തീരദേശ മേഖല ആയതുകൊണ്ട് തന്നെ ഒരു ചതുരശ്രകിലോമീറ്ററിൽ ഏകദേശം 1400 ഓളം വീടുകൾ ഉള്ളതും, അവ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നതുമാണ്. ആയതിനാൽ ഒരു കുടുംബത്തിന് കോവിഡ് 19 പിടിപെട്ടാൽ തൊട്ടടുത്ത കുടുംബങ്ങളെ വളരെ പെട്ടെന്ന് ബാധിക്കുകയും അതുവഴി വലിയൊരു കോവിഡ് ക്ലസ്റ്റർ ഉണ്ടാവുന്നതിന് ഇടയാക്കുകയും ചെയ്യും. കോവിഡ് 19 ഒന്നാം ഘട്ടത്തിൽ അഞ്ചുതെങ്ങിൽ വലിയൊരു കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടിരുന്നു. ഇപ്പോൾ അഞ്ചുതെങ്ങ് സി എച്ച് സി യിൽ വാക്സിൻ സെന്റർ ഉണ്ടെങ്കിലും തദ്ദേശവാസികൾക്ക് വാക്സിൻ വളരെ കുറച്ചു മാത്രമേ ലഭിക്കുന്നുള്ളു.ഇതു പരിഹരിക്കാൻ രണ്ടോ മൂന്നോ വാർഡുകൾ കേന്ദ്രീകരിച്ച് കൊണ്ട് വാക്സിൻ സെന്ററുകൾ ആരംഭിച്ചാൽ കൂടുതൽ പേരെ വാക്സിനേറ്റ് ചെയ്യുവാൻ സാധിക്കും.
അഞ്ചുതെങ്ങ് ബി. ബി. എൽ. പി എസ്, മാമ്പള്ളി എൽ.പി.എസ്, കായിക്കര ആശാൻ സ്മാരക ഹാൾ, നെടുങ്ങണ്ട എസ് എൻ വി സ്കൂൾ,സൗകര്യങ്ങളുള്ള അംഗനവാടി കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ വാക്സിൻ സെന്ററുകൾ ഏർപെടുത്താം.ഇതുവഴി കൂടുതൽ പേരെ കുറച്ചു സമയം കൊണ്ട് വാക്സിൻ നൽകാൻ കഴിയും. മൂന്നാം തരംഗത്തിൽ നിന്നും തീര പ്രദേശത്തെ ജനങ്ങളെ സംരക്ഷിക്കാനും കഴിയും. വാക്സിന്റെ ലഭ്യത കൂടുന്ന മുറക്ക് ഈ വിഷയത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു