അയൽവാസികളെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

 

ആര്യനാട് : ഒന്നരക്കൊല്ലം മുൻപ് സഹോദരങ്ങളായ അയൽവാസികളെ വധിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കാഞ്ഞിരംപാറയിൽ നിന്ന് വെള്ളനാട് മണ്ണാംകോണത്ത് വീട്ടിൽ പുലി ദീപുവാണ് (ദീപു,​ 47) അറസ്റ്റിലായത്. 2019 നവംബറിൽ ദീപുവും കൂട്ടുകാരും ചേർന്ന് അയൽവാസിയായ സ്റ്റുവർട്ടിനേയും സഹോദരനായ രാജനേയും മൺവെട്ടി കൊണ്ടും വെട്ടുകത്തികൊണ്ടും ആക്രമിച്ചശേഷം ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആര്യനാട് ഇൻസ്പെക്ടർ മഹേഷ്കുമാർ, സബ് ഇൻസ്പെക്ടർ ബി. രമേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.