ആറ്റിങ്ങലിൽ 44-ാം കൊവിഡ് മരണം

 

ആറ്റിങ്ങൽ: നഗരസഭ വാർഡ് 28 തോട്ടവാരം കുഴിവിള വീട്ടിൽ 84 കാരനായ ജെ.സുധാകരനാണ് രോഗം ബാധിച്ച് മരിച്ചത്. വൃക്ക രോഗി കൂടിയായ ഇയാൾക്ക് കഴിഞ്ഞ മാസം 24 ന് രോഗം സ്ഥിരീകരിച്ചിരുന്നു. ശിശുക്ഷേമ സംസ്ഥാന ട്രഷററും നഗരസഭ കൗൺസിലറുമായ ആർ.രാജുവിന്റെ ഇടപെടലിനെ തുടർന്ന് ആശുപത്രിയിൽ ഇയാൾക്ക് വിദഗ്ധ ചികിൽസ ലഭ്യമാക്കിയിരുന്നു. ഇയാളുടെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇന്ന് ഉച്ചക്ക് 3 മണിയോടെ മരണം സംഭവിക്കുക ആയിരുന്നു. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിയുടെ നിർദ്ദേശ പ്രകാരം നഗരസഭ യുവ കൗൺസിലറും ഡി.വൈ.എഫ്.ഐ വോളന്റിയർ ബ്രിഗേഡുമായ എസ്.സുഖിൽ, വി.എസ്.നിതിൻ എന്നിവർ കൊവിഡ് പ്രതിരോധ വസ്ത്രമണിഞ്ഞ് സുധാകരന്റെ സംസ്കാര ചുമതല ഏറ്റെടുത്തു. ഇവരോടൊപ്പം വോളന്റിയർമാരായ ശ്യാം, അജിൻപ്രഭ എന്നിവർ മോർച്ചറിയിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങി നഗരസഭ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.

ആറ്റിങ്ങൽ നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന 44-ാം കൊവിഡ് മരണമാണിത്. ആരോഗ്യ മേഖലയെ കാർന്നുതിന്നുന്ന ഈ പ്രതിസന്ധിയോടൊപ്പം മഴക്കെടുതി മൂലമുള്ള പകർച്ച വ്യാധികളും ദുരന്തങ്ങളും നാം മുൻകൂട്ടി കാണേണ്ടതുണ്ട്. നമ്മുടെ പരിസരങ്ങൾ ശുചിയാക്കിയും ജല സ്രോതസുകൾ പരിരക്ഷിച്ചും നഗരസഭക്ക് ഒപ്പം നിന്ന് ഈ പ്രതിസന്ധി ഘട്ടത്തെ ഒറ്റക്കെട്ടായി നേരിടാൻ നഗരവാസികൾ തയ്യാറാവണമെന്നും ചെയർപേഴ്സൺ അറിയിച്ചു.