ആറ്റിങ്ങലിൽ ബിജെപി സമരത്തിൽ ഡിവൈഎഫ്ഐയുടെ പ്ലക്കാർഡ് ഉപയോഗിച്ച സംഭവം : പരാതിയുമായി ഡിവൈഎഫ്ഐ

 

ആറ്റിങ്ങൽ : വനം കൊള്ളയ്ക്ക് എതിരെ ബിജെപി നടത്തിയ സമരത്തിൽ പെട്രോൾ വില വർധനവിൽ ഡിവൈഎഫ്ഐ തയ്യാറാക്കിയ പ്ലക്കാർഡ് ഉപയോഗിച്ച സംഭവം കേരളത്തിൽ വലിയ ചർച്ചയാകുമ്പോൾ പ്ലക്കാർഡ് മോഷണം പോയെന്നും നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ടൗൺ യൂണിറ്റ് കമ്മിറ്റി അംഗം ശരത് ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി.

കഴിഞ്ഞ ദിവസമാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. വനം കൊള്ളയ്ക്കെതിരെ ആറ്റിങ്ങൽ നഗരസഭ കാര്യാലയത്തിന് മുന്നിൽ ബിജെപി നടത്തിയ പ്രതിഷേധ സമരത്തിലാണ് ഒരു വനിതാ പ്രവർത്തക ഡിവൈഎഫ്ഐയുടെ പ്ലക്കാർഡ് ഉയർത്തി നിന്നത്. പെട്രോൾ വില വർധനവിനെതിരെ പ്രതിഷേധിച്ചു കൊണ്ടുള്ള പ്ലക്കാർഡ് ആയിരുന്നു അത്. പിന്നീട് അബദ്ധം മനസ്സിലാക്കിയ ബിജെപി പ്രവർത്തകർ ഡിവൈഎഫ്ഐയുടെ പ്ലക്കാർഡ് വലിച്ചു കീറി കളയുകയായിരുന്നു.

എന്നാൽ ഡിവൈഎഫ്ഐ ആറ്റിങ്ങൽ ടൗൺ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിനു സമീപം സൂക്ഷിച്ചു വച്ചിരുന്ന പ്ലക്കാർഡുകൾ ആറ്റിങ്ങൽ ബിജെപി പ്രവർത്തകർ മോഷ്ടിച്ചുവെന്നും പ്ലക്കാർഡുകൾ വലിച്ചുകീറിയെന്നും ഇരുപതോളം പ്ലക്കാർഡുകൾ ഡിവൈഎഫ്ഐ കമ്മിറ്റിക്ക് നഷ്ടമായെന്നും ചൂണ്ടിക്കട്ടിയാണ് ഡിവൈഎഫ്ഐ അംഗം പോലീസിൽ പരാതി നൽകിയത്.