ഈശ്വര പ്രാർത്ഥനയോടു കൂടി ഫോൺ ലൈബ്രറി പദ്ധതിക്ക് ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം കുറിച്ചു

 

ആറ്റിങ്ങൽ: ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്ക് വേണ്ടിയാണ് അധികൃതർ മൊബൈൽ ലൈബ്രറി എന്ന പദ്ധതി ആവിഷ്‌കരിച്ചത്. ഇതിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. സ്കൂളിലെ ജീവനക്കാരും അധ്യാപകരും ഇത്തരം പ്രവർത്തനങ്ങൾക്ക് വേണ്ടി രൂപീകരിച്ച സ്നേഹ കൂട്ടായ്മയിലൂടെയാണ് മൊബൈൽ ഫോണുകൾ കുട്ടികൾക്ക് ലഭ്യമാക്കുന്നത്. കുട്ടികൾക്ക് വേണ്ടി രക്ഷകർത്താക്കളാണ് ഫോണുകൾ ഏറ്റുവാങ്ങിയത്. ഈ അധ്യയന വർഷം ഇതുവരെ 18 ഫോണുകൾ കുട്ടികൾക്ക് നൽകാൻ സാധിച്ചു. ഇത്തരത്തിൽ ലഭ്യമാക്കുന്ന ഫോണുകൾ ക്ലാസ് റൂം പഠനം പുനരാരംഭിക്കുന്ന ദിവസം വിദ്യാർത്ഥികൾ തിരികെ സ്കൂളിന് കൈമാറണം. ഇത്തരത്തിൽ ലഭിക്കുന്ന ഫോണുകൾ സ്കൂളിൽ ആരംഭിച്ചിട്ടുള്ള മൊബൈൽ ഫോൺ ലൈബ്രറിയിൽ സൂക്ഷിക്കും. ഏതെങ്കിലും തരത്തിൽ ക്ലാസ് റൂം പഠനത്തിന് വീണ്ടും പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ഈ ഫോണുകൾ അർഹരായ കുട്ടികൾക്ക് വീണ്ടും നൽകും. കൂടാതെ പി.ടി.എ യുടെയും അധ്യാപകരുടെയും സഹകരണത്തോടെ ഇതുവരെ നിരവധി ടിവി യും ഫോണുകളും നിർധന വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രയോജനപ്പെടുത്താൻ സാധിച്ചെന്നും ഹെഡ്മിസ്ട്രസ് ലത എസ് നായർ അറിയിച്ചു.

ഇത്തരത്തിൽ പഠന സൗകര്യമൊരുക്കുന്നതിൽ പട്ടണത്തിലെ സ്കൂളുകൾ മികച്ച പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. ഈ സംവിധാനങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കാൻ വിദ്യാർത്ഥികളും രക്ഷകർത്താക്കളും ശ്രദ്ധിക്കണമെന്നും ചെയർപേഴ്സൺ അറിയിച്ചു. പി.ടി.എ പ്രസിഡന്റ് വി.വിശ്വംഭരന്റെ അധ്യക്ഷതയിൽ സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിളള, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ എന്നിവർ ആശംസാ പ്രസംഗം നടത്തി. വാർഡ് കൗൺസിലർ ജി.എസ്.ബിനു, പ്രിൻസിപ്പൽ ഇൻചാർജ് അജിത്കുമാർ, നോഡൽ ഓഫീസർ ബിനു, സീനിയർ അസി. മനോജ്, പിടിഎ അംഗം വേണുഗോപാൽ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.