ആറ്റിങ്ങൽ കുന്നുവാരം യുപി സ്കൂളിൽ ‘മൊബൈൽ ബാങ്ക്’ പദ്ധതിക്ക് തുടക്കം 

 

ആറ്റിങ്ങൽ: കൊവിഡ് പ്രതിസന്ധിയിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് സാഹചര്യം ഇല്ലാത്ത കുട്ടികൾക്ക് വേണ്ടിയാണ് സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ മൊബൈൽ ബാങ്ക് എന്ന ആശയം നടപ്പിലാക്കിയത്. ഇതിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവ്വഹിച്ചു. സ്കൂളിലെ 26 കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് പ്രയോജനപ്പെടുന്ന തരത്തിൽ 13 ഫോണുകളാണ് വിതരണം ചെയ്തത്. ഇതിൽ 2 ഫോണുകൾ കഴിഞ്ഞ ദിവസം എം.എൽ.എ ഒ.എസ് അംബിക വിതരണം ചെയ്തിരുന്നു. അർഹരായ കുട്ടികൾക്ക് വേണ്ടി അവരുടെ രക്ഷകർത്താക്കൾ ഫോണുകൾ ഏറ്റുവാങ്ങി.

ക്ലാസ് റൂം പഠനം പുനരാരംഭിക്കുന്ന സാഹചര്യത്തിൽ ഈ ഫോണുകൾ സ്കൂളിന് തിരികെ കൈമാറണം. ഇങ്ങനെ കുട്ടികളിൽ നിന്ന് തിരികെ ലഭിക്കുന്ന ഫോണുകൾ സ്കൂളിൽ ഒരുക്കിയിരിക്കുന്ന മൊബൈൽ ബാങ്കിൽ സൂക്ഷിക്കുകയും ചെയ്യും. വീണ്ടും ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലൊ ക്ലാസ് റൂം ഇന്റെർനെറ്റ് പഠനം കാര്യക്ഷമമാക്കുന്നതിനൊ വേണ്ടി മൊബൈലുകൾ വീണ്ടും ഉപയോഗിക്കാവുന്നതാണ് എന്ന് ഹെഡ്മാസ്റ്റർ ജി.ആർ.മധു അറിയിച്ചു. സ്കൂൾ മാനേജ്‌മെന്റും, അധ്യാപകരും, പൂർവ്വ വിദ്യാർത്ഥികളുമാണ് ഫോണുകൾ സംഭാവന ചെയ്തത്. ഇതിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത ക്ലാസിലെ 2 കുട്ടികൾക്ക് വേണ്ടി സഹപാഠികളായ ധനഞ്ജയ് ശങ്കറും, നിരഞ്‌ജന ബേബിയും 1 ഫോൺ സംഭാവന ചെയ്തത് മാതൃകാപരവും ശ്ലാഖനീയവും ആണെന്ന് ചെയർപേഴ്സൺ അറിയിച്ചു.

കുന്നുവാരം സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ വാർഡ് കൗൺസിലറും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ എസ്.ഷീജ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ, കൗൺസിലർമാരായ ആർ.രാജു, ഷീല, മുൻ കൗൺസിലർ സുമാമണി, പി.ടി.എ പ്രസിഡന്റ് മൂഴിയിൽ സുരേഷ്, മാനേജർ രാമചന്ദ്രൻ നായർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.