ആറ്റിങ്ങൽ നഗരസഭയുടെ കൊവിഡ് പ്രതിരോധ ഫണ്ടിലേക്ക് കുടുംബശ്രീയുടെ ധനസഹായം കൈമാറി

 

ആറ്റിങ്ങൽ: നഗരസഭയുടെ കൊവിഡ് പ്രതിരോധ ഫണ്ടിലേക്കാണ് കുടുംബശ്രീ സമാഹരിച്ച 78076 രൂപയുടെ ചെക്ക് കൈമാറിയത്. ഇതിൽ ചെയർപേഴ്സന്റെ കൊവിഡ് പ്രതിരോധ ഫണ്ടിലേക്കുള്ള 28076 രൂപയുടെ ചെക്ക് സി.ഡി.എസ് ചെയർപേഴ്സൺ എ.റീജയിൽ നിന്നും നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി ഏറ്റുവാങ്ങി. സെക്രട്ടറിയുടെ കൊവിഡ് പ്രതിരോധ ഫണ്ടിലേക്കുള്ള 50000 രൂപയുടെ ചെക്ക് മെമ്പർ സെക്രട്ടറി എസ്.എസ്.മനോജിൽ നിന്നും നഗരസഭ സെക്രട്ടറി എസ്.വിശ്വനാഥനും ഏറ്റുവാങ്ങി.

നഗരസഭ കുടുംബശ്രീയുടെ കീഴിലെ അയൽക്കൂട്ടങ്ങളിൽ നിന്നും, എ.ഡി.എസ് കളിൽ നിന്നുമാണ് തുക സമാഹരിച്ചത്. പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലായി നഗരസഭ നടപ്പാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ അംഗങ്ങളുടെ പങ്കാളിത്തവും കുടുംബശ്രീക്ക് ഉറപ്പ് വരുത്താൻ സാധിച്ചിട്ടുണ്ട്. നാട് ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോൾ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഈ കൂട്ടായ്മ ഏറെ അഭിനന്ദനാർഹമാണെന്ന് ചെയർപേഴ്സൺ അറിയിച്ചു.

നഗരസഭാ മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.നജാം, അക്കൗണ്ടന്റ് ശരത് നാഥ് തുടങ്ങിയവർ പങ്കെടുത്തു.