ആറ്റിങ്ങലിൽ നിർധന രോഗിക്ക് ഓക്സിജൻ കോൺസെൻഡേറ്റർ ഉപകരണം കൈമാറി

 

ആറ്റിങ്ങൽ: പുലയനാർകോട്ട ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന നിർധന രോഗിയായ മസൂദിനാണ് നഗരത്തിലെ സി.പി.എം നേതൃത്വം 58000 രൂപ ചിലവിട്ട് ഓക്സിജൻ കോൺസെൻഡേറ്റർ ഉപകരണം വാങ്ങി നൽകിയത്. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, ശിശുക്ഷേമ സമിതി സംസ്ഥാന ട്രഷററും, നഗരസഭ കൗൺസിലറുമായ ആർ.രാജു, കൗൺസിലർ എസ്.സുഖിൽ എന്നിവർ ആശുപത്രിയിൽ നേരിട്ടെത്തി ഉപകരണവും, 2000 രൂപയുടെ ധനസഹായവും മസൂദിന് കൈമാറുകയായിരുന്നു. നഗരസഭ നാലാം വാർഡ് നിവാസിയും ഓട്ടോറിക്ഷ തൊഴിലാളിയും കൂടിയായ ഇയാൾക്ക് 15 വർഷമായി രോഗം ബാധിച്ചിട്ട്. കഴിഞ്ഞ മാസം ഇയാൾക്ക് രോഗം മൂർച്ചിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആർ.രാജുവിന്റെ പ്രത്യേക ഇടപെടലിന്റെ ഭാഗമായി 1 ലക്ഷം രൂപയുടെ സൗജന്യ ചികിൽസയും സർക്കാരിൽ നിന്നും മസൂദിന് ലഭ്യമാക്കിയിരുന്നു. ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മാറ്റുമ്പോൾ ഇയാളുടെ ഓക്സിജന്റെ അളവ് കുറയാതിരിക്കാൻ ഈ ഉപകരണം അത്യാവശ്യമാണെന്ന ഡോക്ടറുടെ നിർദ്ദേശം സാധ്യമാക്കുന്നതിനാണ് നഗരത്തിലെ പാർട്ടി നേതൃത്വം ധനം സമാഹരിച്ച് ഉപകരണം വാങ്ങി നൽകിയത്. അന്തരീക്ഷത്തിലെ ഓക്സിജനെ ആഗിരണം ചെയ്ത് പരിശുദ്ധമാക്കി രോഗിയുടെ ശ്വസന പ്രക്രിയക്ക് പ്രാപ്തമാക്കി നൽകുകയാണ് ഉപകരണത്തിന്റെ പ്രവർത്തനം.

കൊവിഡ് പ്രതിസന്ധിയിലും നഗരത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾക്കും നിർധനരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കലിനും സി.പി.എം, ഡി.വൈ.എഫ്.ഐ നേതൃത്വം മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്ന് ചെയർപേഴ്സൺ അറിയിച്ചു.

സംസ്ഥാന ക്ഷയ രോഗ വിദഗ്ധൻ ഡോ.സുനിൽകുമാർ, ജില്ലാ ഓഫീസർ ഡോ.ദേവ്കിരൺ, ആശുപത്രി സൂപ്രണ്ട് ഡോ.വനജ, ജില്ലാ കോഡിനേറ്റർ അജീഷ് തുടങ്ങിയവർ പങ്കെടുത്തു.