ആറ്റിങ്ങലിൽ വീണ്ടും കൊവിഡ് മരണം

 

ആറ്റിങ്ങൽ: നഗരസഭ വാർഡ് 15 വലിയകുന്ന് ആർദ്രവത്തിൽ 43 കാരനായ ഷോഷി മോനാണ് രോഗം ബാധിച്ച് മരിച്ചത്. ഒരാഴ്ച മുമ്പ് ഇയാൾക്കും വീട്ടിലെ മറ്റ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇയാളെ കെ.റ്റി.സി.റ്റി ആശുപത്രിയിലും അവിടെ നിന്ന് ഗോകുലം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ നില വഷളായതിനെ തുടർന്ന് രാത്രി 10.30 ഓടെ ഷോഷിക്ക് മരണം സംഭവിച്ചു. വാർഡ് കൗൺസിലർ എം.താഹിർ നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിൽ നിന്നും ഏറ്റുവാങ്ങി. ഡി.വൈ.എഫ്.ഐ വോളന്റിയർമാരായ ഇ.അനസ്, റിയാസ്, അജീഷ്, അജയ് പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന 48ാം കൊവിഡ് മരണമാണിത്. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മൃതദേഹം സംസ്കരിച്ചതെന്നും ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.