ആറ്റിങ്ങലിൽ നാളെ മുതൽ പുതുക്കിയ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാനൊരുങ്ങി നഗരസഭയും പോലീസും 

 

ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 92 പേരാണ് രോഗബാധിതർ. ഇതിൽ 81 പേർ ഹോം ഐസൊലേഷനിലും, 7 പേർ സി.എഫ്.എൽ.റ്റി.സി യിലും, 4 പേർ ആശുപത്രിയിലും കഴിയുന്നു. ഇന്ന് 10 പേർ രോഗമുക്തരാകുകയും, പുതിയതായി 5 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. നഗരത്തിൽ ഇതുവരെ 48 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു.
നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായ സി.എസ്.ഐ ൽ 62 പേരും, ശ്രീപാദത്തിൽ 73 പേരും കഴിയുന്നു.

നഗരത്തിൽ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.12 ശതമാനമാണ്. ബി കാറ്റഗറിയിൽപെടുന്ന നഗരസഭാ പരിധിയിലെ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ 25 ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിപ്പിക്കണം. ബാക്കിയുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പിലാക്കും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെയും, മറ്റ് വ്യാപാര സ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിപ്പിക്കാവുന്നതാണ്. സാമൂഹിക അകലം കൃത്യമായി പാലിച്ച് കൊണ്ടുള്ള പ്രഭാത സായാഹ്‌ന സവാരി, കായിക വിനോദങ്ങൾക്കും നഗരത്തിൽ അനുമതി. ചെറുതും വലുതുമായ ഭക്ഷണ ശാലകളും, സർക്കാർ വിദേശമദ്യശാലയും ബാറുകളും ടേക്ക് എവേയ് സംവിധാനത്തിൽ പ്രവർത്തിക്കും. മദ്യശാലകളിലെ തിരക്ക് കുറക്കുന്നതിന് ബെവ്കോയുടെ ആപ്ലിക്കേഷൻ ഉപയോഗിച്ചായിരിക്കണം വില്പന നടത്തേണ്ടത്. സർക്കാർ മാനദണ്ഡങ്ങൾ കൃത്യമായും പൊതുജനങ്ങൾ പാലിക്കണം. കൂടാതെ നഗരസഭയുടെയും, താലൂക്ക് ഭരണകൂടത്തിന്റെയും, പോലീസിന്റെയും നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നീയമ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.