അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രക്കുളത്തിന് സമീപത്തെ നീർച്ചാലുകളും തോടുകളും ശുചീകരിച്ചു

 

ആറ്റിങ്ങൽ: സി.പി.എം, ഡി.വൈ.എഫ്.ഐ അവനവഞ്ചേരി കിഴക്ക് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. നഗരസഭ 8, 9,13 വാർഡുകളിലായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രക്കുളത്തിന് സമീപത്തെ നീർച്ചാലുകളും തോടുകളും പുനരുജ്ജീവിപ്പിച്ച് വെള്ളമൊഴുക്ക് സുഗമമാക്കാൻ സാധിച്ചു. കൂടാതെ സമീപ പ്രദേശങ്ങളിലെ വെള്ളക്കെട്ടുകൾ റോഡിന് ഇരുവശത്തെ പുൽപടർപ്പുകളും വൃത്തിയാക്കി ക്ലോറിനേഷനും നടത്തി. നഗരസഭ പ്രഖ്യാപിച്ച മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടത്തിൽ തന്നെ ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ അവനവഞ്ചേരി കിഴക്ക് യൂണിറ്റ് ഈ പ്രവർത്തനത്തെ മഴക്കാലപൂർവ്വ ശുചീകരണ മാസമായി ആചരിക്കാൻ തീരുമാനിച്ചു. അതിനാൽ ഈ കിഴക്ക് മേഖലയിലെ വിവിധ കേന്ദ്രങ്ങൾ പൂർണമായും ശുചീകരിച്ച് രോഗമുക്ത പ്രദേശമാക്കാൻ സാധിക്കുമെന്ന് സി.പി.എം ഏരിയ കമ്മിറ്റി അംഗവും, ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റും, നഗരസഭ കൗൺസിലറുമായ ആർ.എസ്. അനൂപ് അറിയിച്ചു.

മുൻ കൗൺസിലർ റ്റി.ആർ.കോമളകുമാരി, ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ റ്റി.ദിലീപ്കുമാർ, അംഗങ്ങളായ റ്റി.ആർ.രാജുക്കുട്ടൻ, സജി, ജിബി, അഖിൽരാജ്, വിവേക്, അർജുൻ, ആരോമൽ തുടങ്ങിയവർ പങ്കെടുത്തു.