ജൂൺ 19 വായനാ ദിനം: മധുരവായന ഒരുക്കി സ്ലേറ്റും പെൻസിലും

 

നഗരൂർ : കോവിഡ് സെന്റററിൽ കൂട്ടിനായി പുസ്തകങ്ങൾ എത്തിച്ച് അധ്യാപക കൂട്ടായ്മ.നഗരൂർ പഞ്ചായത്തിൽ കോവിഡ് സെന്ററായി പ്രവർത്തിച്ചു വരുന്ന നെടുംപറമ്പ് ഗവ :എച്ച്.എസ് .എസിൽ ക്വാറന്റയിനിൽ കഴിയുന്നവർക്കാണ് പുസ്തകങ്ങളെ ചങ്ങാതിമാരാക്കാനുള്ള അവസരം ഒരുക്കിയത്. കിളിമാനൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അധ്യാപകരുടെ അക്കാദമിക് കൂട്ടായ്മയായ ‘സ്ലേറ്റും പെൻസിലും , മധുര വായന എന്ന പദ്ധതിയുടെ ഭാഗമായാണ് പുസ്തകങ്ങൾ എത്തിച്ചത്.

ആറ്റിങ്ങൽ എം.എൽ.എ ഒ .എസ് അംബിക പുസ്തകങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് മധുരവായനയുടെ ഉദ്ഘാടനം നിർവഹിച്ചു .ക്വാറന്റയിനിൽ കഴിയുന്നവർ ഏകാന്തതയെ മറികടക്കാൻ മൊബൈൽ ഫോണുകളെ മാത്രം ആശ്രയിച്ചുവരുന്ന സാഹചര്യത്തിൽ പുസ്തകങ്ങളും മധുര പലഹാരങ്ങളുമായി എത്തിയ ‘സ്ലേറ്റും പെൻസിലും’ അക്കാദമിക് കൂട്ടായ്മയെ എം .എൽ .എ അഭിനന്ദിച്ചു .വായനയുടെ വീണ്ടെടുപ്പ് ആരോഗ്യപൂർണ്ണമായ മനസിന്റെ കുടി വീണ്ടെടുപ്പാണെന്ന തിരിച്ചറിവാണ് മധുരവായനയുടെ പിന്നിലെ പ്രചോദനമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു .മധുരവായനക്കു പുറമേ വായനകൂട്ട് ,എഴുത്തിടങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് വായന വാരാചരണത്തിന്റെ ഭാഗമായി ഓൺലൈനിൽ സംഘടിപ്പിച്ചിരിക്കുന്നത് .

കോവിഡ് സെന്ററിലെ രോഗികൾക്ക് ഭക്ഷണം നൽകുന്നതിനുള്ള സാമ്പത്തിക സഹായത്തിന് പുറമെ മാസ്കുകൾ , ഓക്സിമീറ്ററുകൾ തുടങ്ങിയവ സംഭാവനയായി നൽകി .നഗരൂർ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. അനിൽകുമാർ വാർഡ് മെമ്പർമാരായ ആർ .എസ് രേവതി , അനോബ് ആനന്ദ് എന്നിവർ ആശംസ അറിയിച്ചു .സ്ലെറ്റും പെൻസിലും കൺവീനർ പി. എസ് പ്രേംജിത് സ്വാഗതവും കോവിഡ് സെന്റർ വോളന്റിയർ രജിത് നന്ദിയും പറഞ്ഞു .