കാരേറ്റ് അരിഷ്ടത്തിൽ മദ്യം കലർത്തി കച്ചവടം, വൈദ്യശാല പൂട്ടിച്ച് പോലീസ്

 

കിളിമാനൂർ : ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മദ്യം കിട്ടാനില്ലാത്ത അവസരത്തിൽ കൂടുതൽ ലാഭം മുന്നിൽ കണ്ട് അരിഷ്ട്ടിൽ മദ്യം കലർത്തി വിൽപ്പന നടത്തിയ വൈദ്യശാല പോലീസ് നേരിട്ടെത്തി പരിശോധന നടത്തി പൂട്ടിച്ചു. കിളിമാനൂർ പോലീസ് പരിധിയിൽ കാരേറ്റുള്ള ആര്യവൈദ്യശാലയിലാണ് ലഹരി കലർന്ന അരിഷ്ടം കച്ചവടം നടത്തി വന്നത്.

കുറച്ചു ദിവസങ്ങളായി കിളിമാനൂർ പ്രദേശങ്ങളിൽ മദ്യപാനികളുടെ സാമൂഹിക ശല്യം കൂടിവന്നതിനെ തുടർന്ന് പല രീതിയിലുള്ള അന്വേഷണമാണ് പോലീസ് നടത്തി വന്നത്. എന്നാൽ നിരവധി സ്ഥലങ്ങളിൽ രാത്രിയും പകലും പോലീസ് നിരീക്ഷണം നടത്തി വരുകയായിരുന്നു.തുടർന്നാണ് വൈദ്യശാലയുടെ മുന്നിൽ യുവാക്കളുടെ തിരക്ക് ശ്രദ്ധയിൽ പെടുന്നത്. ഒടുവിൽ രഹസ്യമായി കാര്യങ്ങൾ അന്വേഷിച്ചു ഉറപ്പാക്കിയ പോലീസ് പെട്ടെന്ന് സംഘമായെത്തി പരിശോധന നടത്തുകയായിരുന്നു.

പരിശോധനയിൽ കാരേറ്റ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കെ എൻ വി വൈദ്യശാലയിൽ നിന്ന് മദ്യം അമിതമായി കലർത്തിയ 50 ലിറ്ററോളം അശോകാരിഷ്ടം പോലീസ് പിടിച്ചെടുത്തു.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയും വില്പന വിവരങ്ങൾ യാതൊന്നും രേഖപ്പെടുത്താതെയുമാണ് പ്രായ വ്യത്യാസമില്ലാതെ ഇവർ ഈ അരിഷ്ടം കച്ചവടം നടത്തി വന്നത്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി സി.എസ് ഹരിയുടെ നിർദ്ദേശാനുസരണം കിളിമാനൂർ പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ എസ് സനൂജ്, എസ്ഐമാരായ ജയേഷ് ടി ജെ, ഷാജി ടി.കെ, എ.എസ്.ഐ താജുദ്ദീൻ, സിപിഒമാരായ രജിത്ത് രാജ്,റിയാസ്, ഗായത്രി എന്നിവരുടെ സംഘമാണ് റൈഡിന് നേതൃത്വം നൽകിയത്.