ബജറ്റ് : പ്രധാന പ്രഖ്യാപനങ്ങൾ നോക്കാം ..

 

കോവിഡിന്റെ രണ്ടാംതരംഗത്തെ അതിജീവിക്കുന്നതിനും മുന്നാംതരംഗത്തെ പ്രതിരോധിക്കുന്നതിനും ഊന്നൽനൽകിക്കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ ബജറ്റിന്റെ കൂട്ടിച്ചേർക്കലായാണ് പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്.

കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്ക് 20,000 കോടി രൂപയുടെ സമഗ്ര പാക്കേജ് പ്രഖ്യാപിച്ചു. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യവാക്സിൻ ലഭ്യമാക്കുന്നതിന് 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങൾക്കായി 500 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.

ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവർക്ക് 8,900 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. സാമ്പത്തികമേഖലയുടെ പുനരുജ്ജീവനത്തിനായി വിവിധ വായ്പകൾക്കും പലിശ സബ്സിഡിക്കുമായി 8,300 കോടി രൂപയും ലഭ്യമാക്കും.

താഴെതട്ടിലുള്ളവർക്ക് പണംലഭ്യമാക്കുന്നതിന് വിവിധ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. 1000 കോടി രൂപ ബാങ്ക് വായ്പ കുടുംബശ്രീവഴി അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കും. 5 ലക്ഷം രൂപവരെയുള്ള വായ്പകളെല്ലാം 4ശതമാനം പലിശനിരക്കിലായിരിക്കും നൽകുക. വായ്പ പദ്ധതികളുടെ പലിശ ഇളവ് നൽകുന്നതിനായി 100 കോടി രൂപയാണ് വകയിരുത്തിയത്.

തീരദേശം, കൃഷി, തോട്ടം, പരിസ്ഥിതി, മത്സ്യബന്ധനം, ഭക്ഷ്യപൊതുവിതരണമേഖല, കുടുംബശ്രീ, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ മേഖലകൾക്കും പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തിൽ പുതിയ നികുതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. പുതിയതായി വരുമാനമാർഗങ്ങളൊന്നും സർക്കാരിന് മുന്നിലില്ലെന്ന് ചുരുക്കം. കിഫ്ബിയിലൂടെയും വായ്പകളിലൂടെയും പണംകണ്ടെത്താൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

നോട്ട് നിരോധനം, വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെയുള്ള ജിഎസ്ടി നടപ്പാക്കൽ, ഓഖി, പ്രളയം, കോവിഡ് എന്നിവമൂലം സർക്കാരിന്റെ വരുമാനത്തിൽ വൻഇടിവുണ്ടാക്കിയതായി ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

ബഡ്‌ജറ്റ് പ്രഖ്യാപനങ്ങൾ ഒറ്റ നോട്ടത്തിൽ..

 സ‌ഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം കൂട്ടും

 കലാസാംസ്‌കാരിക രംഗത്ത് മികവ് പുലർത്തുന്നവർക്ക് വായ്‌പ

 കൊവിഡ് കാരണം പുതിയ നികുതി നിർദേശങ്ങളില്ല

 സംസ്ഥാന ജി എസ് ടി നിയമത്തിൽ ഭേദഗതി വരുത്തും

 സ്‌മാർട്ട് കിച്ചണ് അഞ്ച് കോടി രൂപ

 ഡീസൽ ബസുകൾ സി എൻ ജിയിലേക്ക് മാറാൻ അമ്പത് കോടി

 മഹാത്മ ഗാന്ധി സർവകലാശാലയിൽ മാർ ക്രിസോസ്റ്റം ചെയർ സ്ഥാപിക്കാൻ 50 ലക്ഷം

 ബാലകൃഷ്‌ണപിളളയ്‌ക്ക് കൊട്ടാരക്കരയിൽ സ്‌മാരകം നിർമ്മിക്കാൻ രണ്ട് കോടി രൂപ

 കെ ആർ ഗൗരിയമ്മയ്‌ക്ക് ഉചിതമായ സ്‌മാരകം നിർമ്മിക്കാൻ രണ്ട് കോടി രൂപ

 ടൂറിസം മേഖലയ്‌ക്ക് പുനരുജ്ജീവന പദ്ധതിയ്‌ക്ക് 30 കോടി രൂപ

 100 പേർ‌ക്ക് പത്ത് ലക്ഷം വീതം സംരംഭക സഹായം

 കാർഷിക ഉത്പന വിപണന കേന്ദ്രത്തിനായി പത്ത് കോടി രൂപ

 കൊല്ലത്ത് ബയോ ഡൈവേഴ്‌സിറ്റി ടൂറിസം സർക്യൂട്ട്

 ടൂറിസം മാർക്കറ്റിംഗിന് 50 കോടി രൂപ

 ദാരിദ്ര്യ നിർമാർജനത്തിന് പത്ത് കോടി രൂപ

 റേഷൻ കടകൾ നവീകരിക്കാൻ പദ്ധതി

 തീരദേശ ഹൈവേ സമയബന്ധിതമായി പൂർത്തിയാക്കും

 പാൽ മൂല്യവർദ്ധിത ഉത്പനങ്ങൾക്കായി ഫാക്‌ടറി

കൃഷി ഭവനുകൾ സ്‌മാർട്ടാക്കും

 റബർ കർഷകരുടെ കുടിശിക കൊടുത്തു തീർക്കും

 ജലാശയങ്ങളിലെ മണ്ണും മാലിന്യവും നീക്കും

 മത്സ്യസംസ്‌കരണത്തിന് അഞ്ച് കോടി

 നദികൾക്കായുളള പ്രത്യേക പാക്കേജിന് 50 കോടി

 ഓക്‌സിജൻ ഉത്പാദനം കൂട്ടാൻ പുതിയ പ്ലാന്‍റ്

 കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് പത്ത് കോടി വായ്‌പ

 അഞ്ച് അഗ്രോ പാർക്കുകൾ തുടങ്ങാൻ പത്ത് കോടി രൂപ

 പീഡിയാട്രിക് ഐ സി യു വാർഡുകൾ കൂട്ടും

 കൊവിഡ് മൂന്നാംതരംഗം നേരിടാൻ നടപടികൾ തുടങ്ങി

 കുട്ടികൾക്കുളള അടിയന്തര ചികിത്സ സൗകര്യങ്ങൾ വർദ്ധിപ്പിക്കും

 എല്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ

 കാർഷിക മേഖലയ്‌ക്ക് രണ്ടായിരം കോടി രൂപയുടെ വായ്‌പ

 ദീർഘകാല അടിസ്ഥാനത്തിൽ തീരസംരക്ഷണ നടപടി

 പകർച്ചവ്യാധികൾക്ക് മെഡിക്കൽ കോളേജുകളിൽ പ്രത്യേക ബ്ലോക്ക്

 സാമ്പത്തിക പുനരുജ്ജീവന പദ്ധതി നടപ്പാക്കും

 എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകും

 വാക്‌സിൻ ഗവേഷണ കേന്ദ്രം തുടങ്ങാൻ 10 കോടി രൂപ

 18 വയസിന് മുകളിലുളളവർക്ക് വാക്‌സിൻ നൽകാൻ ആയിരം കോടി

 8,000 കോടി രൂപ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കും

 20,000 കോടിയുടെ രണ്ടാം കൊവിഡ് സാമ്പത്തിക പാക്കേജ്