സൗജന്യ സൂപ്പർമാർക്കറ്റ് ഒരുക്കി കിളിമാനൂർ വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ.

 

കോവിഡ് മഹാമാരിയും ലോക്ഡൗണും മൂലം ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിൽ ആശ്വാസമായി ആവശ്യമായ എല്ലാ നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടുത്തി വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ സൗജന്യ സൂപ്പർമാർക്കറ്റ് തുടങ്ങി. അരി, പയർ, ഉള്ളി, പഞ്ചസാര തുടങ്ങി ഉപ്പ്, സോപ്പ്, തീപ്പെട്ടി വരെയുള്ള ഇരുപതിൽപ്പരം നിത്യോപയോഗ സാധനങ്ങളും പച്ചക്കറി കിറ്റും ഒരുക്കിയിരുന്നു. അസോസിയേഷൻ കുടുംബാംഗങ്ങൾക്ക് രണ്ട് ദിവസങ്ങളിലായി അനുവദിച്ചിട്ടുള്ള സമയങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നേരിട്ടെത്തി ആവശ്യമുള്ള സാധനങ്ങൾ സൗജന്യമായി എടുത്തു കൊണ്ടുപോകാവുന്ന തരത്തിലാണ് മാർക്കറ്റ് ഒരുക്കിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സൗജന്യ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം ഒ.എസ്. അംബിക എം.എൽ.എ. നിർവ്വഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.ഉഷാകുമാരി, കൊട്ടറ മോഹൻ കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം സജികുമാർ എന്നിവർ ആശംസയർപ്പിച്ചു. ജന.സെക്രട്ടറി എൻ.ഹരികൃഷ്ണൻ സ്വാഗതവും ബി.പി. ശെൽവകുമാർ കൃതഞ്ജതയും രേഖപ്പെടുത്തി. ട്രഷറർ ഷീജാരാജ്, വൈസ്.പ്രസിഡന്റ് ആർ. അനിൽകുമാർ, അംഗങ്ങളായ വി.വത്സകുമാരൻ നായർ, രാജേന്ദ്രൻ പിള്ള, ബിജിത്ത്, രജിത, സജിത, മഞ്ജു, ജ്യോതിലക്ഷ്മി, ചന്ദ്രിക തുടങ്ങിയവർ പങ്കെടുത്തു.