അധ്യാപകരെ മറ്റു ജോലികളിൽ നിന്ന് ഒഴിവാക്കണം : കെപിഎസ്ടിഎ

 

അധ്യയനവർഷം ആരംഭിച്ച് അധ്യാപകർ സ്കൂൾ പ്രവർത്തനങ്ങളിൽ സജീവമായ സാഹചര്യത്തിൽ കോവിഡ് ഡ്യൂട്ടി ഉൾപ്പെടെയുള്ള മറ്റു ചുമതലകളിൽ നിന്ന് അവരെ വിടുതൽ ചെയ്യണമെന്ന് കെപിഎസ്ടിഎ ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ ഉൾപ്പെടെ ജില്ലാ ഭരണകൂടത്തിൻ്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും മേൽനോട്ടത്തിൽ അധ്യാപകരെ ജോലിക്ക് നിയമിച്ചിരുന്നു. ഓൺലൈൻ ക്ലാസുകളും കുട്ടികളുടെ അഡ്മിഷനും ഉൾപ്പെടെ അധ്യാപകർക്ക് തിരക്കുപിടിച്ച ദിവസങ്ങളാണ് ഇപ്പോൾ ഉള്ളത്. ഇതു കൂടാതെ ഹയർ സെക്കൻ്ററി പരീക്ഷാപേപ്പർ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. ജൂൺ 7 ന് എസ്.എസ്.എൽ.സി. പരീക്ഷാ മൂല്യനിർണയവും ആരംഭിക്കുന്നു. അക്കാഡമിക പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ മറ്റു ജോലികളിൽ നിന്ന് അധ്യാപകരെ വിടുതൽ ചെയ്യാമെന്ന സർക്കാരിൻ്റെ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിൽ അധ്യാപകർക്ക് ഇത്തരം അധിക ചുമതലകൾ കടുത്ത മാനസിക സംഘർഷം ഉണ്ടാക്കുന്നുവെന്നും അടിയന്തിരമായി അധ്യാപകരെ സ്കൂൾ പ്രവർത്തനങ്ങളിലേക്ക് തിരികെക്കൊണ്ടുവരാനുള്ള ഉത്തരവ് ഉണ്ടാകണമെന്നും കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.