കെപിഎസ്ടിഎയും യൂത്ത് കോൺഗ്രസും കൈകോർത്തു – മഴയത്ത് ചോർന്നൊലിക്കുന്ന രണ്ടു വീടുകൾ വാസയോഗ്യമായി.

 

ആറ്റിങ്ങൽ / മുദാക്കൽ : പെരുമഴക്കാലത്ത് ചോർന്നൊലിക്കുന്ന മേൽക്കൂരയ്ക്ക് കീഴിൽ ദുരിതത്തിലായ രണ്ടു കുടുംബങ്ങൾക്ക് ആശ്വാസമെത്തിച്ച് കെപിഎസ്ടിഎ യും മുദാക്കൽ യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള യൂത്ത് കെയറും. മുദാക്കൽ പഞ്ചായത്തിൽ കൈപ്പറ്റിമുക്ക് കൊല്ലങ്കോണത്ത് വിധവയായ ഷീജയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിനും ആറ്റിങ്ങൽ കരിച്ചയിൽ കരിത്തലയ്ക്കൽ ലക്ഷ്മി നിവാസിൽ ഒറ്റയ്ക്ക് താമസിക്കുന്ന ദുലാരി എന്ന വൃദ്ധയ്ക്കുമാണ് ഈ കൂട്ടായ്മ തുണയായത്. ഇവരുടെ ദുരിതപൂർണമായ ജീവിതം അറിഞ്ഞപ്പോൾ തന്നെ അവിടെയെത്തി ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് മേൽക്കൂര പൊതിഞ്ഞ് വീടുകൾ വാസയോഗ്യമാക്കുകയായിരുന്നു. മുദാക്കൽ യൂത്ത്കെയറുമായി സഹകരിച്ച് കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ല കമ്മിറ്റി നടപ്പിലാക്കുന്ന ഗുരുസ്പർശം പദ്ധതിയിലുൾപ്പെടുത്തിയാണ് ഈ രണ്ടു കുടുംബങ്ങൾക്കും ആശ്വാസമേകിയത്. യൂത്ത് കോൺ. മുദാക്കൽ മണ്ഡലം പ്രസിഡൻ്റ് എം.എസ്.അഭിജിത്ത്, കോൺഗ്രസ് ഇടയ്ക്കോട് മണ്ഡലം പ്രസിഡൻ്റ് എസ്. സരുൺ, ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം പ്രസിഡൻറ് എസ്.പ്രശാന്തൻ, കെപിഎസ്ടിഎ ഭാരവാഹികളായ എൻ.സാബു, സി.എസ്.വിനോദ്, കോൺഗ്രസ് വാർഡ് പ്രസിഡൻറ് പ്രസന്നരാജ്, രാംജിത്ത് കൈപ്പറ്റിമുക്ക്, കെ.ആർ.അഭയൻ, അനിൽകുമാർ, മധു എന്നിവർ നേതൃത്വം നൽകി.