മണമ്പൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റിനെ പൊതു യോഗത്തിൽ അപകീർത്തിപ്പെടുത്തിയതായി പരാതി

 

മണമ്പൂർ : മണമ്പൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും വനിതാ മെമ്പറുമായ ലിസി വി തമ്പിയെ പൊതു യോഗത്തിൽ വെച്ച് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അകാരണമായി അപകീർത്തിപ്പെടുത്തിയതായി പരാതി. കഴിഞ്ഞ ദിവസം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ വെച്ച് യോഗത്തിന്റെ അവസാനം വൈസ് പ്രസിഡന്റ്‌ ലിസി വി തമ്പി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ നഹാസിനോട് മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരത്തെ കുറിച്ച് ചോദിച്ചു. അപ്പോൾ അതിനുള്ള മറുപടി പ്രസിഡന്റ്‌ നൽകുകയും ചെയ്തു. എന്നാൽ ആ സമയം യാതൊരു കാരണവും കൂടാതെ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു ലിസി വി തമ്പിയെ അനാവശ്യമായി ചോദ്യം ചെയ്യുകയും സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചെന്നുമാണ് പരാതി. രംഗം വഷളാകുമെന്ന് കണ്ടപ്പോൾ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധീർ ഇടപെട്ട് ഇരുവരെയും അനുനയിപ്പിച്ച് വിടാൻ ശ്രമിച്ചെന്നും എന്നാൽ സുധീർ തനിക്ക് നേരെ കയ്യേറ്റത്തിന് മുതിർന്നെന്ന് ബൈജു പറഞ്ഞു നടക്കുന്നെന്നും അത് വ്യാജമാണെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. നഹാസ് പറഞ്ഞു. വനിതാ മെമ്പറും വൈസ് പ്രസിഡന്റുമായ ലിസി വി തമ്പിയോട് മോശമായി പെരുമാറിയ സംഭവത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്റിനു പരാതി കൈമാറി. പരാതി ഉന്നത അധികാരികൾക്ക് കൈമാറി നിയമ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ്‌ പറഞ്ഞു.

എന്നാൽ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനു വേണ്ടി വിവരം ചോദിച്ചപ്പോൾ അത് പ്രസിഡന്റ്റിനോട് മാത്രമായി പറഞ്ഞതെന്ന് വൈസ് പ്രസിഡന്റ്‌ പറഞ്ഞുവെന്നും അങ്ങനെ വ്യക്തിപരമായി സംസാരിക്കാൻ ഉണ്ടെങ്കിൽ അത് യോഗത്തിൽ അല്ല പറയേണ്ടതെന്നും മാത്രമാണ് താൻ പറഞ്ഞതെന്ന് ബൈജു ആറ്റിങ്ങൽ വാർത്താ ഡോട്ട് കോമിനോട് പ്രതികരിച്ചു. അതേ സമയം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തനിക്ക് നേരെ കയ്യേറ്റത്തിന് മുതിർന്നുവെന്നും അതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ അത്തരത്തിൽ പ്രചരണം നടത്തിയതെന്നും ബൈജു പറഞ്ഞു.