കോവിഡ് നിരക്ക് 20%-ല്‍ കൂടുതൽ : മംഗലപുരത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ

 

മംഗലപുരം : കോവിഡ് 19-ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ പഞ്ചായത്ത്- പോലീസ്- ആരോഗ്യ വകുപ്പുകളുടെ സംയുക്തയോഗം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ചേര്‍ന്നു. യോഗത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും അവലോകനം ചെയ്തു. നിലവില്‍ പഞ്ചായത്ത് പ്രദേശത്തെ റ്റി.പി.ആര്‍ നിരക്ക് നിലവില്‍ 20%-ല്‍ കൂടുതലാണ്. അതുകൊണ്ടുതന്നെ നിരക്ക് കുറയ്ക്കുന്നതിലേയ്ക്കായി കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും യോഗം വിലയിരുത്തി.

കച്ചവട സ്ഥാപനങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്തതും വഴിയോര കച്ചവടങ്ങള്‍ അനധികൃതമായി നടത്തുന്നതും കോവിഡ് പോസിറ്റീവ് രോഗികള്‍ കൂടുന്നതിനും, കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതും രോഗ വ്യാപനത്തിന് കാരണമാകുന്നുവെന്നും യോഗം വിലയിരുത്തി. അതുകൊണ്ട് വാര്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും പോലീസിന്റെ സഹായം ഉറപ്പ് വരുത്തുന്നതിനും യോഗം തീരുമാനിച്ചു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തവര്‍ക്ക് പിഴയും കര്‍ശന നിയമനടപടികളും സ്വീകരിക്കുന്നതിന് പോലീസിനോട് യോഗം ആവശ്യപ്പെട്ടു.

കോവിഡ് 19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20%-ല്‍ താഴെയാകുന്നതുവരെ താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുമ ഇടവിളാകം അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കും.

മംഗലപുരം ഗ്രാമ പഞ്ചയാത്ത് പരിധിയിലെ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ 17/06/2021 തീയതി മുതല്‍ രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ . മറ്റ് എല്ലാസ്ഥാപനങ്ങളും വെള്ളിയാഴ്ചകളില്‍ മാത്രമേ തുറക്കുവാന്‍ പാടുള്ളൂ

ഹോട്ടലുകള്‍ രാവിലെ 7 മണി മുതല്‍ രാത്രി 7.30 വരെ മാത്രം ( പാഴ്സല്‍ /ഹോംഡെലിവറി മാത്രം)

ചന്തകള്‍ പ്രവര്‍ത്തിക്കുവാന്‍ പാടില്ല. മീന്‍ കച്ചവടവും വഴിയോര കച്ചവടവും പാടില്ല. പഞ്ചായത്ത് ലൈസന്‍സ് ലഭിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാവൂ.

വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കും അവിടത്തെ തൊഴിലാളികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആകുന്നവര്‍ക്ക് വീടുകളില്‍ കഴിയുന്നതിന് കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സൗകര്യം ഇല്ലെങ്കില്‍ നിര്‍ബന്ധമായും ഡി സി സിയിലേയ്ക്ക് മാറേണ്ടതാണ്.

പഞ്ചായത്ത് പ്രദേശത്തെ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു മേഖലാസ്ഥാപനങ്ങള്‍ ഗവ. കമ്പനികള്‍ എന്നിവ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25% ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് എല്ലാദിവസവും പ്രവര്‍ത്തിക്കാം

വ്യവസായ-കാര്‍ഷിക മേഖല-കെട്ടിട നിര്‍‍മ്മാണ മേഖല പ്രവര്‍ത്തനങ്ങള്‍ എല്ലാം അനുവദിക്കുന്നതാണ്.

സര്‍ക്കാര്‍ പ്രവര്‍ത്തിപ്പിക്കുന്ന ആവശ്യവസ്തുക്കളുടെ വില്‍പന കേന്ദ്രങ്ങളായ റേഷന്‍ കടകള്‍, മാവേലിസ്റ്റോറുകള്‍, നീതി സ്റ്റോറുകള്‍ എന്നിവ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തിപ്പിക്കാം

മെഡിക്കല്‍ സ്റ്റോര്‍, പെട്രോള്‍ പമ്പുകള്‍, കോവിഡ് 19നുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ / ഓഫീസുകള്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല.