മൂതല ​ഗവ. എൽപിഎസിലെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനത്തിന് സൗകര്യം

 

പള്ളിക്കൽ പഞ്ചായത്തിലെ മൂതല ​ഗവ. എൽപിഎസിലെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനത്തിന് സൗകര്യമായി.  സംവിധാനമില്ലാതിരുന്ന മുഴുവൻ കുട്ടികൾക്കും സ്മാർട്ട്‌ ഫോൺ വാങ്ങി നൽകി.  ‘നമ്മുടെ ​ഗ്രാമം മൂതല’ എന്ന വാട്സ്ആപ്‌ കൂട്ടായ്മയുടെ നേതൃത്വത്തിലാണ്‌ മുഴുവൻ വിദ്യാർഥികൾക്കും സ്മാർട്ട് ഫോൺ നൽകിയത്.  ഇതോടെ സ്കൂളിലെ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠനത്തിനായി സംവിധാനമായി. പഠനസൗകര്യം ഇല്ലാതിരുന്ന വിദ്യാർഥികൾക്ക് സ്മാർട്ട്‌ ഫോൺ കൈമാറുന്ന പദ്ധതി വി ജോയി എംഎൽഎ  ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ സ്കൂളിനെ സമ്പൂർണ സ്മാർട്‌ ഫോൺ വിദ്യാലയമായി പ്രഖ്യാപിച്ചു. സ്കൂളിലെ പ്രീ പ്രൈമറി, ഒന്നാം തരം കുട്ടികൾക്കുള്ള പഠനോപകരണങ്ങളും വേദിയിൽ വിതരണം ചെയ്തു. എസ്എംസി ചെയർമാൻ നൗഫൻ അധ്യക്ഷനായി. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം ഹസീന, വൈസ് പ്രസിഡന്റ് എം മാധവൻകുട്ടി, ഷീബ, രമ്യ, ഷിബിലി, അനിൽകുമാർ, ദിലീപ്, നജീബ്, ദീപു തുടങ്ങിയവർ സംസാരിച്ചു. പ്രഥമാധ്യാപകൻ  മനോജ് ബി കെ നായർ സ്വാ​ഗതവും കവിത നന്ദിയും പറഞ്ഞു.