ഓണത്തിന് “ഒരു മുറം പച്ചക്കറി” പദ്ധതിയുൾപ്പടെ നിരവധി കാർഷിക വികസന സംരംഭങ്ങളുമായി ആറ്റിങ്ങൽ നഗരസഭ

 

ആറ്റിങ്ങൽ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയും, കർഷകക്ഷേമ വകുപ്പും സംയുക്തമായി പട്ടണത്തിൽ നടപ്പിലാക്കുന്ന കാർഷിക വികസന പദ്ധതികളുടെ ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. കൊവിഡ് പ്രതിസന്ധിയിലും നഗരത്തിലെ എല്ലാ വീടുകളിലും ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ആശയം ഇത്തവണയും വിജയകരമായി നടപ്പിലാക്കാൻ ഒരുങ്ങുകയാണ് നഗരസഭയും കൃഷിഭവനും. ഇതിനായി 5000 പേർക്ക് പച്ചക്കറി വിത്തും, 25000 പച്ചക്കറി തൈകളുമാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ആദ്യ വിത്തുൽപ്പന്നം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി മുതിർന്ന കർഷകനും വൈസ് ചെയർമാനുമായ ജി.തുളസീധരൻ പിള്ളക്ക് കൈമാറി. കൂടാതെ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തരിശ് നിലങ്ങളും ഭൂമിയും ഏറ്റെടുത്ത് കൃഷി ചെയ്യും. പൊതുകുളങ്ങളിൽ മത്സ്യ കൃഷി ഉൾപ്പടെ നടപ്പിലാക്കും. കൃഷിയുടെ ചിലവിലേക്ക് ആവശ്യമായി ഒരു ഹെക്ടറിന് 40000 രൂപയുടെ ധനസഹായവും കർഷകർക്ക് സമയബന്ധിതമായി ലഭ്യമാക്കും. കർഷകർക്ക് കാർഷിക വായ്‌പ ഉറപ്പാക്കുന്നതോടൊപ്പം കർഷക സേവന കേന്ദ്രത്തിന്റെ പ്രവർത്തനവും കാര്യക്ഷമമാക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. കാർഷിക പദ്ധതികളെക്കുറിച്ചും, വിത്ത്, തൈകൾ എന്നിവയുടെ ലഭ്യതയെ കുറിച്ചും കൂടുതൽ അറിയാൻ  0470 2623121, 8089376737 എന്ന നമ്പരിലൊ നഗരസഭ കൃഷിഭവനിലൊ പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.

നഗരസഭ കൗൺസിൽ ഹാളിൽ വച്ച് നടന്ന പരിപടിയിൽ കൃഷി അസി.ഡയറക്ടർ എ.നൗഷാദ്, കൃഷി ഓഫീസർ വി.എൽ.പ്രഭ എന്നിവർ പദ്ധതി വിശദീകരണം നടത്തി. സെക്രട്ടറി എസ്.വിശ്വനാഥൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.