പനവൂരിന് ആശ്വാസം : കോവിഡ് വ്യാപനം കുറയുന്നു

 

പനവൂര്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞു. നിലവില്‍ ടിപിആർ 10% ന് താഴെയാണ്. 14-ാം തീയതി മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന രോഗപരിശോധനയാണ് സംഘടിപ്പിച്ചു വരുന്നത്. 14-ാം തീയതി 226 പരിശോധന നടത്തിയതില്‍ 3 പേര്‍ക്കും 15-ാം തീയതി 23 പരിശോധന നടത്തിയതില്‍ 1 ആള്‍ക്കും 16-ാം തീയതി നടത്തിയ 157 പരിശോധനയില്‍ 4 പേര്‍ക്കും മാത്രമാണ് രോഗബാധകണ്ടെത്തിയത്.  ഇന്നലെ നടന്ന പരിശോധനയില്‍ പോസിറ്റീവ് കേസുകള്‍ ഒന്നുംതന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതിരോധ പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ 7 മണി മുതല്‍ 1 മണിവരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാവുവെന്നും മെഡിക്കല്‍ സ്റ്റോര്‍,പെട്രോള്‍ പമ്പ് എന്നിവയെ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  സര്‍ക്കാര്‍ ആഫീസുകള്‍ 25% ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി.

കോവിഡ് 19 രണ്ടാം തരംഗത്തിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വളരെ മാതൃകാപരമായിട്ടാണ് ഗ്രാമപഞ്ചായത്തില്‍ നടത്തി വരുന്നത്. ആയതിലേക്കു വേണ്ടി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന വാര്‍റൂം,ഹെല്‍പ്പ് ഡെസ്ക്,കണ്‍ട്രോള്‍ റൂം എന്നിവ സജ്ജീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു. എല്ലാ വാര്‍ഡിലും ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് കാര്യക്ഷമമായി പ്രവര്‍ത്തനം നടത്തി വരുന്നു. കൂടാതെ യൂത്ത് ക്ലബ്ബ് ഏകോപന സമിതിയുടെ വോളന്‍റിയേഴ്സിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടന്നു വരുന്നു. രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനും മരുന്നുകള്‍ , ഭക്ഷണ സാധനങ്ങള്‍ എന്നിവ വീട്ടിലെത്തിക്കുന്നതിനും വോളന്‍റിമാരുടെ സേവനം ലഭ്യമാണ്. 10 കിടക്കകളോടുകൂടിയ ഡിസിസി ആട്ടുകാല്‍ യു പി എസില്‍ പ്രവര്‍ത്തിച്ചുവരുന്നു.

മാതൃകാപരമായ പ്രവര്‍ത്തനം നടത്തിവരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ ഉദ്ദേശത്തോടെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും നാളിതുവരെ കൊറോണ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലൊന്നും സഹകരിക്കാത്തവരാണ് ഭരണസമിതിക്കെതിരെ ദുഷ്പ്രചരണം നടത്തുന്നതെന്നും പ്രസിഡന്‍റ് പറഞ്ഞു.