വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണും ടെലിവിഷനും നൽകി പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ്‌

 

വിളപ്പിൽശാല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ്‌ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണും ടെലിവിഷനും നൽകി. അദ്ധ്യായനവർഷം ഒൺ ലൈനിലൂടെ ആരംഭിച്ചെങ്കിലും ഫോണും ടി.വിയും ഇല്ലെന്ന വിവരം നൽകി പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളെ വിദ്യാർത്ഥികൾ അറിയിച്ചതനുസരിച്ചാണ് ആദ്യഘട്ടമെന്ന നിലയ്ക്ക് 10 വിദ്യാർത്ഥികൾക്ക് ഫോൺ നൽകിയത്. പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ വിളപ്പിൽ രാധാകൃഷ്ണൻ സ്മാർട്ട് ഫോണും ടി.വി.യും വിതരണം ചെയ്തു. ട്രസ്റ്റിന് വിവിധ സംഘടനകളും സ്ഥാപനങ്ങളും നൽകുന്ന തുക വിനിയോഗിച്ചാണ് വിദ്യാർത്ഥികൾക്ക് പഠനസഹായി നൽകുന്നത്. വിളപ്പിൽ,വിളവൂർക്കൽ,മലയിൻകീഴ്,പള്ളിച്ചൽ എന്നീ ഗ്രാമപഞ്ചായത്തുകളിലുൾപ്പെട്ട 40 വിദ്യാർത്ഥികളാണ് ഫോണും ടി.വി.യും നൽകണ മെന്ന ആവശ്യമുന്നയിച്ചത്. വരും ദിവസങ്ങളിൽ 30 പേർക്ക് കൂടെ ഫോണും ടിവും നൽകുമെന്നും ട്രസ്റ്റ് പ്രസിഡന്റ് അറിയിച്ചു. പുളിയറക്കോണം ടെറുമോ പെൻപോൾ എംപ്ലോയിസ് യൂണിയനാണ് 10 ഫോണുകളുടെ തുക ട്രസ്റ്റിന് നൽകിയത്. വിളപ്പിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആനന്ദ് കണ്ണശ, മാദ്ധ്യമ പ്രവർത്തകൻ ശിവാകൈലാസ്, പ്രതീക്ഷ ട്രസ്റ്റ് ഭാരവാഹികളായ അരുൺ, പ്രശാന്ത് എന്നിവർ സംസാരിച്ചു.