പുല്ലമ്പാറയിൽ സൗജന്യമായി പച്ചക്കറികൾ വാങ്ങാം, പച്ചക്കറി വാഹനവുമായി ഡിവൈഎഫ്ഐ വീടുകൾക്ക് മുന്നിലെത്തും

 

ലോക്‌ ഡൗൺ കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന സാധാരണക്കാർക്ക് പച്ചക്കറികൾ വീട്ടിലെത്തിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. ഇഷ്ടമുള്ള പച്ചക്കറികൾ ആവശ്യത്തിന് തെരഞ്ഞെടുക്കാം, അതും സൗജന്യമായി.  പുല്ലമ്പാറ പഞ്ചായത്തിലെ ഡിവൈഎഫ്ഐ മുത്തിപ്പാറ യൂണിറ്റാണ് നാട്ടുകാരുടെ ദുരിതമകറ്റാൻ രംഗത്തുള്ളത്.  കഴിഞ്ഞ രണ്ടാഴ്‌ചയായി പച്ചക്കറി വിതരണം ചെയ്യുന്നുണ്ട്.


പ്രവർത്തകർ വാഹനത്തിൽ പച്ചക്കറികളുമായി  വീടുകൾക്ക് മുന്നിലെത്തും ആവശ്യക്കാർക്ക് പച്ചക്കറികൾ യഥേഷ്ടം തെരഞ്ഞെടുക്കാം. ഒന്നിടവിട്ട ദിവസങ്ങളിൽ   പ്രദേശത്തെ എല്ലാ വീടുകളിലും ഈ ചെറുപ്പക്കാർ പച്ചക്കറികളുമായെത്തും. നാട്ടുകാർക്ക് ഏറെ സൗകര്യമാണ് ഡിവെെഎഫ്ഐയുടെ സേവനം. പുല്ലമ്പാറ മേഖലാ ട്രഷറർ ജിഷ്ണു മുത്തിപ്പാറ, എം ആർ സന്തോഷ്, നയനേഷ്, രഞ്ജിത്ത്, രാജീവ്, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടക്കുന്നത്.