
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്കൂൾ വിദ്യാഭ്യാസരംഗത്ത് പരിവർത്തനപരമായ മാറ്റത്തിന് ഉത്തേജനം നൽകുന്നതിന് ലക്ഷ്യമിടുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019–-20 ലെ പെർഫോമൻസ് ഗ്രേഡിങ് സൂചികയിൽ (പിജിഐ) കേരളം വീണ്ടും രാജ്യത്ത് ഒന്നാംസ്ഥാനത്ത്. 70 മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന പ്രകടന വിലയിരുത്തൽ സൂചികയിൽ 901 പോയന്റ് നേടിയാണ് കേരളം ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം(2018-19) ഒന്നാം സ്ഥാനം നേടുമ്പോൾ കേരളത്തിന് 862 പോയിന്റും 2017-18 ൽ 826 പോയിന്റും ആയിരുന്നു.
കുട്ടികൾക്ക് വിദ്യാഭ്യാസത്തിന്റെ പ്രാപ്ത്യത, പൊതുവിദ്യാഭ്യാസ മേഖലയിലെ ഭരണനിർവഹണം, വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, ഫലപ്രാപ്തി എന്നിവയിൽ കേരളത്തിന്റെ മികച്ച പ്രകടനമാണ് രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളിൽ കേരളത്തെ തുടർച്ചയായി മൂന്നാം തവണയും ഒന്നാമതെത്തിച്ചത്.