സമൂഹമാധ്യമങ്ങളിൽ വൈറലായി പാരലൽ കോളജ് അധ്യാപകൻ തോന്നയ്ക്കൽ മണികണ്ഠൻ.

 

മിനിട്ടുകൾ മാത്രം ദൈർഘ്യമുള്ള ഹാസ്യ വീഡിയോകൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായി പാരലൽ കോളജ് അധ്യാപകൻ മണികണ്ഠൻ. ഫോണിന്റെ മറുതലയ്ക്കൽ ആളുണ്ട് എന്ന രീതിയിൽ, ഫോണിൽ സംസാരിക്കുന്ന ഇദ്ദേഹം, നാടൻ സംസാര ശൈലിയിലാണ് വീഡിയോകൾ ചിത്രീകരിച്ചിരിക്കുന്നത്.

ആ… അണ്ണാ… ഓ…എന്തര് അണ്ണാ… എന്നിങ്ങനെ തുടങ്ങുന്ന വീഡിയോകൾ ഹാസ്യത്തിന്റെ കൊടുമുടിയിലാണ് അവസാനിക്കുന്നത്. പേരക്കുട്ടിയെ ഇംഗ്ലീഷ് സ്കൂളിൽ നിന്ന് മാറ്റിയ കഥ മുതൽ, ബ്ലാക്ക് ഫംഗസ് രോഗം വരെ മണികണ്ഠന്റെ ഹാസ്യ നുറുങ്ങുകൾ ആയി. മണികണ്ഠൻ തോന്നയ്ക്കൽ എന്ന ഇദ്ദേഹം തോന്നയ്ക്കൽ നിവാസികളുടെ മണികണ്ഠൻ സാറാണ്. മുപ്പത് വർഷത്തിലേറെയായി പാരലൽ കോളേജ് അധ്യാപകനായി പ്രവർത്തിക്കുന്ന ഇദ്ദേഹം ആയിരക്കണക്കിനുള്ള തന്റെ ശിഷ്യന്മാരോട് സംവദിച്ചിരുന്നതും നാടൻ പദപ്രയോഗങ്ങളാൽ തന്നെ.

വിൽപ്പാട്ട് കലാകാരൻ കൂടിയാണ് മണികണ്ഠൻ. 27 വർഷമായി വിൽപ്പാട്ട് കലാരംഗത്തു സജീവമായ ഇദ്ദേഹം 27ഓളം വിൽപ്പാട്ടുകൾ ആയിരത്തിലേറെ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. 11 വിൽപാട്ടുകൾ സ്വന്തമായി എഴുതി തയ്യാറാക്കി അവതരിപ്പിച്ചിട്ടുണ്ട്. അൻപതോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള മണികണ്ഠൻ 10 നാടകങ്ങൾ എഴുതി സംവിധാനം ചെയ്ത് അരങ്ങിൽ എത്തിക്കുകയും ചെയ്തു. 20ഓളം ടിവി സീരിയലുകളിലും ഇദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

ലോക്ഡൗൺ പ്രഖ്യാപിച്ച് വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ ആയതോടെയാണ്, ഒറ്റയ്ക്ക് എന്ത് ചെയ്യാനാകും എന്ന ചിന്ത ഉദിച്ചത്. അങ്ങനെയാണ് സ്വന്തം മൊബൈൽ ഫോണിൽ ഹാസ്യ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങൾ വഴി പങ്കിട്ട് തുടങ്ങിയത്. വീഡിയോകൾ വൈറൽ ആവുകയും വിദേശത്തുനിന്ന് ഉൾപ്പെടെ ഫോൺകോളുകൾ എത്തുകയും ചെയ്തതോടെ ആത്മവിശ്വാസം വർദ്ധിച്ചു. ഇതുവരെ ആറ് വീഡിയോകൾ മാത്രമാണ് പുറത്തിറങ്ങിയത്, എന്നാൽ ഓരോന്നും ഒന്നിനൊന്നു മനോഹരമാണെന്ന് നിസ്സംശയം പറയാം.