കോവിഡ് രോഗികൾക്കും ക്വാറൻറീനിൽ കഴിയുന്നവർക്കും നിർധന കുടുംബങ്ങൾക്കും സഹായവുമായി ടീം വെൽഫെയർ പള്ളിനട

 

കഠിനംകുളം: കോവിഡ് രോഗികൾക്കും ക്വാറൻറീനിൽ കഴിയുന്നവർക്കും, നിർധന കുടുംബങ്ങൾക്കും സഹായവുമായി ടീം വെൽഫെയർ പള്ളിനട. കോവിഡിന്റെ ആദ്യഘട്ടത്തിൽ നിരവധി നിർധന കുടുംബങ്ങൾക്ക് സഹായമെത്തിച്ച ടീം വെൽഫെയർ പ്രവർത്തകർ ഇത്തവണ കഠിനംകുളം ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് പുതുവൽ പ്രദേശത്ത്
ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറും വാർഡ് മെംബറുമായ അജിത അനിയുടെ നിർദ്ദേശപ്രകാരം ഒരാഴ്ച മുമ്പാണ് പ്രദേശത്തെ കോവിഡ് ബാധിച്ച് നെഗറ്റീവായ വീടുകളിൽ അണുനശീകരണം നടത്താനായി ടീം വെൽഫെയർ പ്രവർത്തകർ ഈ പ്രദേശങ്ങളിൽ എത്തുന്നത്. മത്സ്യബന്ധനം തൊഴിലാക്കിയ പ്രദേശത്തെ ജനങ്ങളെ കോവിഡും പ്രതികൂല കാലാവസ്ഥയും ദുരിതത്തിലാക്കിയിരിക്കുന്നത് ടീം വെൽഫെയർ പ്രവർത്തകർ മനസ്സിലാക്കുകയും അടിയന്തരമായി അവർക്ക് വേണ്ട സഹായങ്ങൾ നൽകണമെന്ന് തീരുമാനിക്കുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യക്കിറ്റ് എത്തിച്ചു നൽകിയത്. ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് അജിത അനി നിർവഹിച്ചു. ടീം വെൽഫെയർ ചിറയിൻകീഴ് മണ്ഡലം കൺവീനർ അംജദ് റഹ്മാൻ, മുഫാസിൽ, ഫൈസൽ പള്ളിനട , അഫ്സൽ എന്നിവർ നേതൃത്വം നൽകി.