Search
Close this search box.

മാമം പാലത്തിന്റെ സുരക്ഷാവേലി തകർന്നിട്ട് മാസങ്ങൾ പിന്നിടുന്നു

eiJBVBO76733

 

ആറ്റിങ്ങൽ: നിയന്ത്രണംവിട്ട വാഹനമിടിച്ച് മാമം പാലത്തിന്റെ സുരക്ഷാവേലി തകർന്നിട്ട് ആറുമാസമാകുന്നു. അപകടസാധ്യതകൂടിയ മേഖലയായിരുന്നിട്ടുകൂടി ഈ വേലി നന്നാക്കി യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കാൻ നടപടികളുണ്ടായിട്ടില്ല.

തിരുവനന്തപുരം ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്കു വന്ന കാറാണ് പാലത്തിന്റെ പടിഞ്ഞാറുവശത്തെ സുരക്ഷാവേലിയിലിടിച്ചത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തെത്തുടർന്ന് വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുരക്ഷാവേലി നന്നാക്കാനുള്ള തുക പൊതുമരാമത്ത് വകുപ്പ് ഈടാക്കിയശേഷമാണ് വാഹനം വിട്ടുനല്കിയത്. എന്നാൽ, പണിയൊന്നും നടന്നില്ല.

2015 നവംബറിൽ സ്വകാര്യ ബസ് ഈ ഭാഗത്ത് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരി തകർത്ത് ആറ്റിൽ വീണിരുന്നു. വൻ അപകടമാണുണ്ടായത്. അന്ന് ബസിടിച്ച് തകർത്തതിനു തൊട്ടടുത്താണ് ഇപ്പോൾ തകർന്നിട്ടുള്ളത്. 2017 ജൂണിൽ തിരുവനന്തപുരത്തുനിന്ന് കോയമ്പത്തൂരേക്കു പോയ ടൂറിസ്റ്റ് ബസ് പാലത്തിനു സമീപം തലകീഴായി മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.

തിരുവനന്തപുരം ഭാഗത്തേക്കു പോയ കണ്ടെയ്നർ ലോറി റോഡിന്റെ വശത്തേക്കു പോയി റോഡിന് കുറുകേനിന്നതും ഇവിടെയാണ്. 2018 നവംബറിൽ ഗ്യാസ് സിലിൻഡറുകളുമായി എറണാകുളത്തു നിന്ന് വന്ന ലോറി ഇതേ പാലത്തിന്റെ കൈവരിയിലേക്കിടിച്ചുകയറി. നടപ്പാതയിലെ സ്ലാബുകൾ തകർന്ന് ടയർ കുഴിയിലായതിനാൽ അന്ന് വൻ ദുരന്തം ഒഴിവായി.

തിരുവനന്തപുരത്തുനിന്ന് വരുമ്പോൾ പാലമൂട് കഴിഞ്ഞാൽ നല്ല ഇറക്കമാണ്. ഈ ഭാഗത്ത് വാഹനങ്ങൾ വേഗതകൂട്ടുമ്പോഴാണ് അപകടങ്ങൾക്കിടയാക്കുന്നത്. ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാറുണ്ട്. പാലത്തിന്റെ സുരക്ഷാവേലി അടിയന്തരമായി നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വേലിനന്നാക്കാനുള്ള കരാർ നടപടികൾ പൂർത്തിയായതായും ഉടൻ പണികൾ ആരംഭിക്കുമെന്നും പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ വി.വിശ്വലാൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!