ശക്തമായ മഴയിൽ ഒറ്റൂരിൽ രണ്ട് വീടുകൾക്ക് നാശം

 

ഒറ്റൂർ : ശക്തമായ മഴയിൽ ഒറ്റൂർ പഞ്ചായത്തിലെ ശ്രീ നാരായണപുരം ആൽത്തറമൂട് കോളനിയിൽ രാധ, വാസന്തി എന്നിവരുടെ വീടുകൾ തകർന്നു. വീടുകളുടെ ഒരു ഭാഗം പൂർണമായും തകർന്ന നിലയിലാണ്. രണ്ടു കുടുംബങ്ങളെയും തത്കാലം ബന്ധു വീടുകളിലേക്ക് മാറ്റി. മുൻ എം.എൽ.എ അഡ്വ. ബി. സത്യൻ ഇരു വീടുകളും സന്ദർശിച്ചു. വർക്കല തഹസൽദാറുമായി സംസാരിച്ച് ഭവന പദ്ധതികളിൽ ഉൾപ്പെടുത്തി വീട് നിർമ്മിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന, ജില്ലാ പഞ്ചായത്ത് മെമ്പർ പ്രിയദർശിനി എന്നിവർ ഒപ്പമുണ്ടായിരുന്നു.