“അങ്ങനെയാണെന്ന് പറയീൻ “: വാമനപുരം, കല്ലറ നിവാസികളുടെ പ്രിയപ്പെട്ട ദേവദാസണ്ണൻ നടന്നകന്നു….

 

ദേവദാസണ്ണൻ പറയുന്ന കാര്യങ്ങൾക്ക് ഒരു സപ്പോർട്ട് എന്ന പോലെ അദ്ദേഹം തന്നെ പറയുന്ന സ്ഥിരം വാചകമായിരുന്നു ‘അങ്ങനെയാണെന്ന് പറയീൻ’ എന്ന്. നാട്ടുകാർക്ക് മുന്നിൽ എപ്പോഴും എത്തുന്ന ഒരു സഞ്ചാരി. നാട്ടുകാർ ദേവദാസണ്ണൻ എന്ന് വിളിച്ചിരുന്ന ഇരുളൂർ ചുണ്ടുമണ്ണടി വീട്ടിൽ മാധേവൻ മകൻ ദേവദാസൻ(72) കോവിഡിന് ചികിത്സയിലിരിക്കെ മരിച്ചു.

വാമനപുരം, കല്ലറ, പാങ്ങോട് മേഖലയിൽ ഉള്ളവർക്കും വെഞ്ഞാറമൂട് നിവാസികൾക്കും സുപരിചിതനായ ആളാണ് ദേവദാസ്. അൻപതു വർഷത്തിലധികമായി നാട്ടിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ദേവദാസിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സ്വന്തം സഹോദരൻ പാമ്പ് കടിയേറ്റ് മരിച്ചത് കണ്മുന്നിൽ കണ്ടതിന് ശേഷമാണ് ദേവദാസിന്റെ സമനില തെറ്റിയതെന്നാണ് നാട്ടുകാർ പറയുന്നത്.

തെറി പറഞ്ഞു നടക്കുമെങ്കിലും ആരെയും ഉപദ്രവിക്കുകയോ ഒന്നും മോഷ്ടിക്കുകയോ ഇല്ല. ഒരു തുണി കയ്യിൽ പിടിച്ചാണ് നടക്കുന്നത്. നാട്ടുകാർ കൊടുക്കുന്ന വസ്ത്രങ്ങൾ ധരിച്ചും എല്ലാ സ്വാതന്ത്ര്യത്തിലും എല്ലാവരോടും മിണ്ടിയും കഥ പറഞ്ഞും തെറി പറഞ്ഞും ദേവദാസണ്ണൻ നാട്ടുകാർ സ്ഥിരം കാണുന്ന ആളായി. ക്ഷണിക്കപ്പെടാത്ത വിവാഹത്തിൽ പങ്കെടുക്കാനും അവിടെ എത്തി ഭക്ഷണം കഴിക്കാനുമൊക്കെ അദ്ദേഹത്തിന് അവകാശം ഉണ്ടായിരുന്നു. നടന്നു പോകുന്ന വഴികളിൽ അടയാളമെന്ന പോലെ സംസാരിച്ചും തെറി പറഞ്ഞും കടന്നു പോകും. ഒടുവിൽ ആ മനുഷ്യൻ ഇനി ഒരിക്കലും നാട്ടുകാർക്ക് മുന്നിൽ വരാത്ത യാത്ര പോയി..